ബ്രിട്ടീഷ് സൈന്യത്തില്‍ സേവനം അനുഷ്ഠിക്കാന്‍ ആവശ്യത്തിന് ആളുകളെ കിട്ടാത്ത സാഹചര്യമാണുള്ളത്. ഈ ഘട്ടത്തില്‍ വിദേശ റിക്രൂട്ടുകളെ ഇറക്കി പ്രശ്‌നം പരിഹരിക്കാനുള്ള ആലോചനയിലാണ് സൈന്യം. ഇതിനായി സുരക്ഷാ പരിശോധനകളില്‍ ഇളവ് നല്‍കണമെന്നാണ് ബ്രിട്ടീഷ് സൈന്യം ആവശ്യപ്പെടുന്നതെന്ന് ചോര്‍ന്ന രേഖ വെളിപ്പെടുത്തുന്നു.
ടെലിഗ്രാഫിന് ചോര്‍ന്ന് കിട്ടിയ ആഭ്യന്തര നയരേഖയിലാണ് സൈനികരുടെ എണ്ണം കുറയുന്നത് പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്നത്. ഇതിനായി പലവിധ നടപടികളാണ് മുന്നോട്ട് വെയ്ക്കുന്നത്. യുകെ ഇതര വ്യക്തികള്‍ക്ക് സൈന്യത്തില്‍ കമ്മീഷന്‍ ചെയ്യാനായി സുരക്ഷാ ക്ലിയറന്‍സാണ് പ്രാഥമിക തടസ്സമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ബ്രിട്ടീഷ് സൈന്യത്തില്‍ ഓഫീസറാകാനുള്ള നടപടിക്രമങ്ങളിലെ വ്യവസ്ഥകളില്‍ പ്രധാനമാണ് വെറ്റിംഗ്. തീവ്രവാദ വിരുദ്ധ പരിശോധന ഉള്‍പ്പെടെയാണ് ഇതില്‍ പെടുക. സുരക്ഷാ ക്ലിയറന്‍സാണ് ഏറ്റവും സാധാരണമായ വെറ്റിംഗ് നടപടിക്രമങ്ങള്‍, ഇതുവഴി ദീര്‍ഘകാലം, തുടര്‍ച്ചയായി, രഹസ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യാന്‍ വിശ്വസിക്കാമെന്ന് വ്യക്തിപരമായ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് നിശ്ചയിക്കുകയാണ് ചെയ്യുക.
അഞ്ച് വര്‍ഷം യുകെയില്‍ താമസിക്കുന്നവര്‍ക്കാണ് സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിക്കുക. ഇത് വിദേശ റിക്രൂട്ടുകള്‍ക്ക് ഓഫീസറായും, ഇന്റലിജന്‍സ് ജോലികള്‍ക്കും അപേക്ഷിക്കുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്നു. വംശീയ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും കഴിവുള്ളവരെ ആകര്‍ഷിച്ച് ഓഫീസര്‍മാരാക്കാന്‍ സൈന്യം ബുദ്ധിമുട്ടുന്നതായി ചോര്‍ന്ന രേഖയില്‍ ചൂണ്ടിക്കാണിക്കുന്നു.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടീഷ് സൈന്യത്തില്‍ സേവനം ചെയ്യാമെന്നിരിക്കവെ കേവലം 131 ഓഫീസര്‍മാര്‍ മാത്രമാണ് ബ്രിട്ടന് പുറത്ത് നിന്നും സേവനത്തിലുള്ളത്. ഇതില്‍ 28 പേര്‍ മാത്രമാണ് വംശീയ ന്യൂനപക്ഷ പശ്ചാത്തലത്തില്‍ നിന്നുള്ളത്.