ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാനുള്ള സമയം നീളുമെന്ന് ഉറപ്പായതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് ലെന്‍ഡര്‍മാര്‍. പ്രധാന ലെന്‍ഡര്‍മാരെല്ലാം ഈ വഴിക്ക് തിരിഞ്ഞതോടെ നിരക്ക് വര്‍ദ്ധിപ്പിച്ച സ്ഥാപനങ്ങളുടെ പട്ടികയ്ക്ക് നീളം വെയ്ക്കുകയാണ്. ഭവനഉടമകള്‍ക്ക് മറ്റൊരു തിരിച്ചടി നല്‍കിക്കൊണ്ടാണ് ഈ നിരക്ക് വര്‍ദ്ധന.
ബാര്‍ക്ലേസ്, എച്ച്എസ്ബിസി, നാറ്റ്‌വെസ്റ്റ്, ലീഡ്‌സ് ബില്‍ഡിംഗ് സൊസൈറ്റി എന്നിവര്‍ ഈയാഴ്ച ചില മോര്‍ട്ട്‌ഗേജ് ഡീലുകളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതായി മോര്‍ട്ട്‌ഗേജ് ബ്രോക്കര്‍മാരെ അറിയിച്ചിരുന്നു. ഇപ്പോള്‍ ടിഎസ്ബിയും ഈ പാത പിന്തുടര്‍ന്നിരിക്കുകയാണ്. ഇവരുടെ വര്‍ദ്ധന അല്‍പ്പം കനത്തിലുമാണ്. ആദ്യമായി വീട് വാങ്ങുന്നവര്‍ക്കും, മൂവേഴ്‌സിനും, റീമോര്‍ട്ട്‌ഗേജ് റേറ്റിലും 0.45% വരെയാണ് വര്‍ദ്ധന.
മാര്‍ച്ചില്‍ പ്രതീക്ഷിച്ച തോതില്‍ യുകെ പണപ്പെരുപ്പം കുറയാതെ വന്നതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ എപ്പോള്‍ സ്വീകരിക്കുമെന്ന ചോദ്യം പ്രസക്തമായി. ഇതിന്റെ സാധ്യതയാണ് ഇപ്പോഴത്തെ വിപണിയിലെ ചാഞ്ചാട്ടത്തിന് പിന്നില്‍. മാര്‍ച്ചില്‍ 3.2 ശതമാനം പണപ്പെരുപ്പമാണ് ഒഎന്‍എസ് കണക്കുകള്‍ രേഖപ്പെടുത്തിയത്. വിപണി 3.1% പ്രതീക്ഷിച്ച സ്ഥാനത്താണ് ഇത്.
വര്‍ഷത്തിന്റെ ആരംഭത്തില്‍ ധനവിപണി അഞ്ച് മുതല്‍ ആറ് പലിശ നിരക്ക് വെട്ടിക്കുറവുകള്‍ വരെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഇത് കേവലം രണ്ടായി ചുരുങ്ങി. ജൂണില്‍ ആദ്യ നിരക്ക് കുറയ്ക്കല്‍ ഉണ്ടാകുമെന്നാണ് ചില സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. മോര്‍ട്ട്‌ഗേജുകള്‍ നിരക്ക് നിശ്ചയിക്കാന്‍ ലെന്‍ഡര്‍മാര്‍ അടിസ്ഥാനമാക്കുന്നത് സ്വാപ് റേറ്റാണ്, ഭാവിയില്‍ പലിശ നിരക്ക് എവിടെ നില്‍ക്കുമെന്നതാണ് ഈ നിരക്ക്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് വെട്ടിക്കുറയ്ക്കല്‍ എപ്പോള്‍ സംഭവിക്കുമെന്നതിലെ അനിശ്ചിതാവസ്ഥ സ്വാപ് റേറ്റ് ഉയര്‍ത്താനാണ് സഹായിക്കുന്നത്.