ജിസിഎസ്ഇ, എ-ലെവല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രതയോടെ പെരുമാറണമെന്ന് ഇംഗ്ലണ്ടിന്റെ ഔദ്യോഗിക റെഗുലേറ്റര്‍. സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നുകിട്ടുന്ന ചോദ്യപേപ്പറുകള്‍ നേടാനായി സേര്‍ച്ച് ചെയ്ത് പിടിക്കപ്പെട്ടാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
സോഷ്യല്‍ മീഡിയയില്‍ എക്‌സാം പേപ്പറുകള്‍ക്കായി സേര്‍ച്ച് ചെയ്യുന്നവരും, എക്‌സാം ഹാളില്‍ ഫോണുകളുമായി എത്തുന്നവര്‍ക്കും അയോഗ്യത ഏര്‍പ്പെടുത്താന്‍ സാധ്യത നിലനില്‍ക്കുന്നതായി ഓഫ്ക്വാല്‍ മുന്നറിയിപ്പില്‍ പറയുന്നു. ഈ വര്‍ഷത്തെ പരീക്ഷാ പേപ്പറുകള്‍ വില്‍ക്കുന്നതായി അവകാശപ്പെടുന്ന അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും ചീഫ് റെഗുലേറ്റര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.
ഇത്തരം അവകാശവാദങ്ങള്‍ ഭൂരിപക്ഷവും തട്ടിപ്പായിരിക്കുമെങ്കിലും വിഷയം അധ്യാപകരുടെ ശ്രദ്ധയില്‍ പെടുത്താനാണ് നിര്‍ദ്ദേശം. പരീക്ഷാ സീസണ്‍ അടുത്ത് വരവെയാണ് ഓഫ്ക്വാല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പരീക്ഷാ സമയത്ത് മൊബൈല്‍ ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഇടം കണ്ടെത്തണമെന്നും വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ പറയുന്നു.
പരീക്ഷയ്ക്കിടെ മൊബൈല്‍ ഉപയോഗിച്ച് പിടിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 2018 മുതല്‍ ഇരട്ടി വര്‍ദ്ധനവുണ്ട്. 2023-ല്‍ ഇത്തരം കുറ്റങ്ങള്‍ക്ക് 2180 കേസുകളാണ് എടുത്തത്. 2022-ല്‍ 1825 കേസുകളില്‍ നിന്നുമാണ് ഈ വര്‍ദ്ധന. എക്‌സാം പേപ്പറുകള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളില്‍, തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം വില്‍പ്പന അനുവദിക്കില്ലെന്ന് ടിക് ടോക്കും, ഇന്‍സ്റ്റാഗ്രാമും വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം ചോര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നും തട്ടിപ്പുകാരുടെ വാദം വിശ്വസിച്ച് ഇത്തരം വ്യാജ ചോദ്യ പേപ്പര്‍ പഠിച്ച് അബദ്ധത്തില്‍ പെടരുതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുണ്ട്.