ഇമിഗ്രേഷന്‍ കണക്കുകള്‍ ഏത് വിധേനയും മെച്ചപ്പെടുത്താന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വിസകള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നടപടികള്‍ സ്വയം കുഴി തോണ്ടുന്നതിന് തുല്യമാണെന്ന് ഓര്‍മ്മപ്പെടുത്തി സീനിയര്‍ ടോറികള്‍. അന്താരാഷ്ട്ര വിദ്യാര്‍ത്ഥി വിസകളിലെ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോയാല്‍ യൂണിവേഴ്‌സിറ്റികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുമെന്നും, ബ്രിട്ടന്റെ സാമ്പത്തിക തിരിച്ചുവരവിനെ സാരമായി ബാധിക്കുമെന്നും ഇവര്‍ ഓര്‍മ്മപ്പെടുത്തുന്നു.
വിസകളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികള്‍ ആഴ്ചകള്‍ മാത്രം അകലെയാണെന്ന് വൈസ് ചാന്‍സലര്‍മാര്‍ കരുതുന്നു. യുകെയിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന വിസകള്‍ സംബന്ധിച്ച് അടിയന്തര പരിശോധന നടത്താന്‍ ഇമിഗ്രേഷന്‍ ഉപദേശകരോട് മന്ത്രിമാര്‍ ഉത്തരവ് നല്‍കിയ പശ്ചാത്തലത്തിലാണ് ആശങ്ക ഉയരുന്നത്. ഈ റിപ്പോര്‍ട്ട് ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിക്ക് അടുത്ത ആഴ്ച ലഭിക്കും.
എന്നാല്‍ വിസകളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ സ്വാധീനമുള്ള നേതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. വിദേശ വരുമാനത്തെ ആശ്രയിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ നിയന്ത്രണങ്ങളില്‍ തിരിച്ചടി നേരിടുന്നുണ്ട്.
ഗ്രാജുവേറ്റ് റൂട്ട് വിസകള്‍ സംബന്ധിച്ച് റിവ്യൂ നടത്താനാണ് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിസയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ തുടരാം. രാജ്യത്ത് തങ്ങാനുള്ള അവകാശമാണോ, അതോ പഠിക്കാനുള്ള താല്‍പര്യമാണോ സ്റ്റഡി വിസകളുടെ ഡിമാന്‍ഡിന് പിന്നിലെന്ന് കണ്ടെത്താനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.