ബ്രിട്ടനില്‍ മാസ്‌ക് ഉപയോഗം വീണ്ടും മടങ്ങിയെത്തുന്നു. രാജ്യത്ത് വൂപ്പിംഗ് കഫ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അപ്പോയിന്റ്‌മെന്റുകള്‍ക്ക് എത്തുന്ന രോഗികള്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട് ജിപി സര്‍ജറികള്‍. ഇംഗ്ലണ്ടിലും, വെയില്‍സിലുമായി ഇന്‍ഫെക്ഷന്‍ ബാധിച്ച് അഞ്ച് കുഞ്ഞുങ്ങളാണ് മരിച്ചിട്ടുള്ളത്.
പെര്‍ടുസിസ് അല്ലെങ്കില്‍ 100 ദിന ചുമയെന്ന് അറിയപ്പെടുന്ന ഇന്‍ഫെക്ഷന്‍ ബാധിച്ച 3000 കേസുകളാണ് ഇതിനകം സ്ഥിരീകരിച്ചിട്ടുള്ളത്. ആശങ്ക വ്യാപകമായതോടെ യോഗ്യരായ രോഗികളോട്, പ്രത്യേകിച്ച് ഗര്‍ഭിണികളോട് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്.
ചില പ്രാക്ടീസുകള്‍ അപ്പോയിന്റ്‌മെന്റ് സമയത്തും, സര്‍ജറിയിലേക്ക് യാത്ര ചെയ്യുന്ന സമയത്തും മുഖം മറയ്ക്കാന്‍ രോഗികളോട് ആവശ്യപ്പെടുന്നു. ബെര്‍ക്ഷയര്‍ റീഡിംഗിലെ പാര്‍ക്ക്‌സൈഡ് ഫാമിലി പ്രാക്ടീസ് രോഗികള്‍ വീണ്ടും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്‍ഫെക്ഷന്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദ്ദേശമെന്ന് ഇവരുടെ വെബ്‌സൈറ്റ് പറയുന്നു.
മിഡില്‍സെക്‌സിലെ പാര്‍ക്ക്‌വ്യൂ സര്‍ജറി, നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ വെസ്റ്റ് ഹാംപ്‌സ്റ്റെഡ് മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നും സമാനമായ നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നത് തിരികെ കൊണ്ടുവരാന്‍ ആവശ്യമായ സാഹചര്യങ്ങളില്‍ ആവശ്യപ്പെടാമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ നിബന്ധന പുതുക്കിയിരുന്നു.