താങ്ങാന്‍ കഴിയാത്ത നിലയിലാണ് ബ്രിട്ടനിലെ വാടക നിരക്കുകള്‍. ശമ്പളം വര്‍ദ്ധിക്കുന്നതിനേക്കാള്‍ വേഗതയില്‍ നിരക്കുകള്‍ കുതിച്ചുയര്‍ന്നത് ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തിരിച്ചടി സമ്മാനിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ വാടക വര്‍ദ്ധനവിന് ക്യാപ്പ് ഏര്‍പ്പെടുത്തണമെന്നാണ് ലേബര്‍ കമ്മീഷന്‍ ചെയ്ത റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ന്നതോടെ ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറിന് മേല്‍ സമ്മര്‍ദം ഉയരുകയാണ്. വാടകക്കാര്‍ക്ക് ജീവിതച്ചെലവുകളില്‍ പൊറുതിമുട്ടുന്ന സാഹചര്യത്തില്‍ ശ്വാസം വിടാനുള്ള ഇടം നല്‍കാനുള്ള നടപടികളാണ് റിപ്പോര്‍ട്ട് മുന്നോട്ട് വെയ്ക്കുന്നത്.
പ്രധാനമന്ത്രിയായി തെരഞ്ഞെടുത്താല്‍ ഇംഗ്ലണ്ടിലെ ഹൗസിംഗ് പ്രതിസന്ധി നേരിടുമെന്നാണ് കീര്‍ സ്റ്റാര്‍മര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. വാടക കരാര്‍ പുതുക്കുന്നതിന് 'ഡബിള്‍ പൂട്ട്' ഏര്‍പ്പെടുത്താനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയ സ്റ്റീഫന്‍ കോവാന്‍ ആവശ്യപ്പെടുന്നത്. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഫ്‌ളേഷന്‍ അല്ലെങ്കില്‍ ലോക്കല്‍ വേജ് വളര്‍ച്ച, ഇതില്‍ ഏതാണോ കുറഞ്ഞത് എന്നതിനെ അടിസ്ഥാനമാക്കി വര്‍ദ്ധനവിന് ക്യാപ്പ് ഏര്‍പ്പെടുത്താനാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്.
കാരണമില്ലാതെ പുറത്താക്കുന്ന നടപടി ഒഴിവാക്കുമെന്ന് ലേബര്‍ ഡെപ്യൂട്ടി നേതാവ് ആഞ്ചെല റെയ്‌നര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം പദ്ധതികള്‍ ഇടത് പരിപാടിയാണെന്ന് ആരോപിച്ച് ടോറികള്‍ പ്രത്യാക്രമണം നടത്തുമെന്ന് ലേബറിന് മുന്നറിയിപ്പുണ്ട്.