CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 46 Minutes 1 Seconds Ago
Breaking Now

സിറോ മലബാര്‍സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം; കുടിയേറുന്ന ജനത സഭയ്ക്ക് നല്‍കുന്ന സംഭാവനകള്‍ വലുത് ; സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ ; വത്തിക്കാന്‍ സന്ദര്‍ശനം മഹത്തരമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്

മഹത്തായ പൈതൃകത്തില്‍ സഭാംഗങ്ങളെ ഉറപ്പിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ പറഞ്ഞു.

മേജര്‍ ആര്‍ച്ച്ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി വത്തിക്കാന്‍ സന്ദര്‍ശത്തിനെത്തിയ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് തന്നെ സ്‌നേഹത്തോടെ സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ചു.

സിറോ  മലബാര്‍സഭയുടെ ആരാധനക്രമ, ദൈവശാസ്ത്ര, ആധ്യാത്മിക, സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള സീറോമലബാര്‍ സഭാംഗങ്ങള്‍ ശ്രദ്ധിക്കണമെന്നു ഫ്രാന്‍സീസ് മാര്‍പാപ്പ. മഹത്തായ പൈതൃകത്തില്‍ സഭാംഗങ്ങളെ ഉറപ്പിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ പറഞ്ഞു.

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റതിനുശേഷം വത്തിക്കാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മാര്‍ റാഫേല്‍ തട്ടിലിനെയും മെത്രാന്മാരുടെ പ്രതിനിധിസംഘത്തെയും സ്വീകരിച്ചതിനുശേഷം വൈദികരും സമര്‍പ്പിതരും അല്മായരുമടങ്ങുന്ന റോമിലുള്ള സീറോ മലബാര്‍ സഭാഗംങ്ങളെ വത്തിക്കാന്‍ പാലസിലെ കണ്‍സിസ്റ്ററി ഹാളില്‍ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ.

സീറോമലബാര്‍സഭയെ ഈ പൈതൃകസംരക്ഷണത്തില്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ മാര്‍പാപ്പ സഭ ഇന്നു നേരിടുന്ന വെല്ലുവിളികളെ ഉത്തരവാദിത്വത്തോടെയും സുവിശേഷാത്മക ധൈര്യത്തോടെയും മേജര്‍ ആര്‍ച്ചുബിഷപ്പിന്റെയും സിനഡിന്റെയും നേതൃത്വത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടു നേരിടുവാനും ഉദ്‌ബോധിപ്പിച്ചു. ഭാരതത്തിന്റെ അപ്പസ്‌തോലനായ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തില്‍ അടിത്തറയിട്ടു രൂപപ്പെട്ട സീറോമലബാര്‍സഭ അഭിമുഖീകരിക്കേണ്ടിവന്ന വിവിധ വെല്ലുവിളികളെ അനുസ്മരിച്ച മാര്‍പാപ്പ പത്രോസിന്റെ സിംഹാസനത്തോട് ഈ സഭ എക്കാലവും പുലര്‍ത്തിയ വിശ്വസ്തതയെ പ്രത്യേകം എടുത്തുപറഞ്ഞു.

എറണാകുളംഅങ്കമാലി അതിരൂപതയില്‍ കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യങ്ങളെ തന്റെ പ്രസംഗത്തില്‍ മാര്‍പാപ്പ പരാമര്‍ശിച്ചു. സഭയില്‍ ഐക്യം നിലനിര്‍ത്തുകയെന്നുള്ള കടമ നിറവേറ്റുന്നതില്‍ പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. പരിശുദ്ധ കുര്‍ബാനയോടുകാണിക്കുന്ന ഗുരുതരമായ അനാദരവ് കത്തോലിക്കാവിശ്വാസവുമായി ചേര്‍ന്നുപോകുന്നതല്ലായെന്നും മാര്‍പാപ്പ മുന്നറിയിപ്പു നല്കി.

സഭയില്‍ ഐക്യം നിലനിര്‍ത്താനുള്ള ദൃഢനിശ്ചയത്തോടെ ഒരുമിച്ചു പ്രവര്‍ത്തിക്കാനും പ്രാര്‍ഥിക്കാനും ആഹ്വാനം നല്കി.കുടുംബങ്ങളുടെ രൂപീകരണത്തിലും വിശ്വാസപരിശീലനത്തിലും സീറോമലബാര്‍സഭ പുലര്‍ത്തുന്ന പ്രതിബദ്ധതയ്ക്കു നന്ദിപറഞ്ഞ മാര്‍പാപ്പ സഭയിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്കും യുവജനങ്ങളെയും ദൈവവിളി പ്രോത്സാഹനത്തെയും മുന്‍നിര്‍ത്തിയുള്ള എല്ലാ അജപാലനപ്രവര്‍ത്തനങ്ങളെയും താന്‍ പിന്‍തുണയ്ക്കുന്നതായും അറിയിച്ചു.

മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഓഫീസില്‍ സ്വീകരിച്ചു. പെര്‍മനന്റ് സിനഡ് അംഗങ്ങളായ ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററും സഭയുടെ പ്രൊക്യൂറേറ്ററുമായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരും പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കൂടിക്കാഴ്ചയുടെ ആമുഖമായി മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് മേജര്‍ ആര്‍ച്ചുബിഷപ്പായി തന്നെ തിരഞ്ഞെടുത്ത സിനഡിന്റെ തീരുമാനത്തിനു അംഗീകാരം നല്‍കിയ മാര്‍പാപ്പയ്ക്ക് നന്ദി അറിയിച്ചു.  സീറോമലബാര്‍ സഭയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ മേജര്‍ ആര്‍ച്ചുബിഷപ്പും മെത്രാന്‍സംഘവും മാര്‍പാപ്പയുമായി ആശയവിനിമയം നടത്തി.

 

 
കൂടുതല്‍വാര്‍ത്തകള്‍.