ജയിച്ചില്ലെങ്കിലും, തോല്‍പ്പിക്കും. അത് ചില ചെറുകിട രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു പരിപാടിയാണ്. ഈര്‍ക്കിലി രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും വമ്പന്‍മാരെ വീഴ്ത്താന്‍ ചിലപ്പോള്‍ ഇത്തരം ചിലര്‍ വിചാരിച്ചാല്‍ മതിയാകും. ജൂലൈ 4ന് പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ബ്രിട്ടനിലും ടോറികളുടെ ആശങ്ക ഇതാണ്. രൂപീകരിച്ചിട്ട് 'പാല്‍മണം' മാറാത്ത ഒരു പാര്‍ട്ടി തങ്ങളുടെ കഞ്ഞിയില്‍ പാറ്റ വീഴ്ത്തുമെന്ന് കണ്‍സര്‍വേറ്റീവുകള്‍ ഭയക്കുന്നു.
നിഗല്‍ ഫരാഗിന്റെ നേതൃത്വത്തിലുള്ള റിഫോം യുകെ ഇപ്പോള്‍ സര്‍വ്വെകളില്‍ മുന്നേറ്റം നടത്തുകയാണ്. പല സര്‍വ്വെകളിലും തലനാരിഴ വ്യത്യാസത്തിലാണ് ടോറി, റിഫോം വോട്ട് വിഹിതത്തിലെ വ്യത്യാസം. ചില പോളുകള്‍ ഇരുപാര്‍ട്ടികളും ഒപ്പത്തിനൊപ്പമെന്നും വിധിയെഴുതുന്നു.
ഇന്നലെ പുറത്തുവന്ന ഒരു യൂഗോവ് സര്‍വ്വെയില്‍ 17 ശതമാനം വോട്ട് വിഹിതവുമായി നിഗല്‍ ഫരാഗും സംഘവും കണ്‍സര്‍വേറ്റീവുകളുടെ തൊട്ടുപിന്നിലുണ്ട്. 19 ശതമാനമാണ് ടോറികളുടെ വിഹിതം. എന്നിരുന്നാലും ഇത് 18 ശതമാനവുമായി ഒപ്പത്തിനൊപ്പം എന്ന നിലയിലേക്കും എത്തിയിട്ടുണ്ടെന്നാണ് സൂചന. പുരുഷ വോട്ടര്‍മാര്‍ക്കിടയിലാണ് റിഫോം ടോറികളേക്കാള്‍ മുന്നിലെത്തിയിരിക്കുന്നത്.
റിഫോം പാര്‍ട്ടിയില്‍ നിന്നും ഋഷി സുനാക് നേരിടുന്ന വെല്ലുവിളിയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ലേബര്‍ തങ്ങളുടെ വമ്പന്‍ ലീഡ് നിലനിര്‍ത്തുന്നുമുണ്ട്. 1997-ലെ ഏകപക്ഷീയ വിജയം ഇക്കുറി ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ 'നിഗല്‍ ഫരാഗിനൊപ്പം ഉറങ്ങാന്‍ കിടന്നാല്‍, എഴുന്നേല്‍ക്കുന്നത് കീര്‍ സ്റ്റാര്‍മറിനൊപ്പം ആകുമെന്ന്' വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന പ്രചരണം ആരംഭിക്കാന്‍ കണ്‍സര്‍വേറ്റീവുകള്‍ക്കിടയില്‍ ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.