എന്‍എച്ച്എസിന് നേരെ നടന്ന സൈബര്‍ അക്രമണം ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ആശങ്കപ്പെട്ട് ജിപി. രോഗികള്‍ക്ക് ഇതിന്റെ തിരിച്ചടി സമീപകാലത്തും, സമീപഭാവിയിലും വരെ നേരിടേണ്ടി വരുമെന്നാണ് ആശങ്ക. തലസ്ഥാന നഗരത്തിലെ ചില വലിയ ആശുപത്രികളെ റാന്‍സംവെയര്‍ അക്രമണം ബാധിച്ചതോടെ 'O' രക്തഗ്രൂപ്പില്‍ പെട്ട ദാതാക്കള്‍ മുന്നോട്ട് വരണമെന്ന് എന്‍എച്ച്എസ് അടിയന്തര അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
ഗൈസ് & സെന്റ് തോമസ്, ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ്, കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ എന്നിങ്ങനെ ആറ് വലിയ എന്‍എച്ച്എസ് ട്രസ്റ്റുകളിലാണ് സൈബര്‍ അക്രമണം നേരിട്ടത്. നൂറുകണക്കിന് ഓപ്പറേഷനുകള്‍ ഇതിന്റെ ഫലമായി റദ്ദാക്കിയിട്ടുണ്ട്.
എന്‍എച്ച്എസിനായി രക്തപരിശോധനകള്‍ നടത്തുന്ന കമ്പനിയായ സിനോവിസിനെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത്. ഇതോടെ കഴിഞ്ഞ തിങ്കളാഴ്ച എല്ലാ പതിവ് രക്തപരിശോധനകളും റദ്ദാക്കാനാണ് തന്റെ സര്‍ജറിക്ക് നിര്‍ദ്ദേശം ലഭിച്ചതെന്ന് ഗ്രീന്‍വിച്ചിലെ സൗത്ത് സ്ട്രീറ്റ് മെഡിക്കല്‍ സെന്റരിലെ പാര്‍ട്ണര്‍ ഡോ. ജെയിംസ് ടെയ്‌ലര്‍ പറഞ്ഞു.
ഇതോടെ ക്ലിനിക്കുകളും റദ്ദാക്കി. ജൂണ്‍ അവസാനം വരെ കൂടുതല്‍ രോഗികളുടെ ബുക്കിംഗ് എടുക്കേണ്ടെന്ന് നിര്‍ദ്ദേശം ലഭിച്ചതായും ഈ ഡോക്ടര്‍ പറയുന്നു. പ്രൈമറി കെയറിലാണ് സൈബര്‍ അക്രമണം വലിയ പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ ഒരു രോഗിക്ക് പോലും തങ്ങളുടെ പതിവ് ബ്ലഡ് ടെസ്റ്റ് സാധ്യമാകില്ല.