യൂണിവേഴ്‌സിറ്റി പഠനത്തിനായി പകുതിയിലേറെ ഫുള്‍ടൈം വിദ്യാര്‍ത്ഥികള്‍ക്കും ജോലിയില്‍ നീണ്ട സമയം പ്രവര്‍ത്തിക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. ടേം സമയത്ത് ആഴ്ചയില്‍ രണ്ട് ദിവസം വീതം പണം വാങ്ങിയുള്ള ജോലിക്കായി പോകേണ്ടിവരുന്നുവെന്നാണ് കണക്ക്.
പഠനകാലത്ത് 56% ഫുള്‍ടൈം യുകെ അണ്ടര്‍ഗ്രാജുവേറ്റുകളും പണം വാങ്ങിയുള്ള ജോലി ചെയ്യുന്നതായി ഹയര്‍ എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തി. ആഴ്ചയില്‍ ശരാശരി 14.5 മണിക്കൂര്‍ ജോലിയാണ് ഇവര്‍ ചെയ്യുന്നത്. ആവശ്യത്തിന് മെയിന്റനന്‍സ് സപ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ 2 ടിയര്‍ ഉന്നതവിദ്യാഭ്യാസ സിസ്റ്റമാണ് രൂപപ്പെടുന്നതെന്ന് വിദഗ്ധര്‍ പറഞ്ഞു.
പിടിച്ചുനില്‍ക്കാനായി കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുന്ന വിദ്യാര്‍ത്ഥികളും, കൈയില്‍ ആവശ്യത്തിന് പണമുള്ളതിനാല്‍ പഠനത്തില്‍ കൂടുതല്‍ സമയം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നവരും തമ്മിലുള്ള വ്യത്യാസം വര്‍ദ്ധിച്ച് വരുകയാണ്. പ്രത്യേകിച്ച് ഇത് പഠനത്തെയും, മെച്ചപ്പെട്ട ഗ്രേഡുകളെയും സ്വാധീനിക്കുന്നുണ്ട്.
ലെക്ചര്‍, ക്ലാസുകള്‍, മറ്റ് പഠനങ്ങള്‍ എന്നിവ ചേര്‍ത്ത് നോക്കുമ്പോള്‍ പാര്‍ട്ട്‌ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ടേം സമയത്ത് ശരാശരി 48 മണിക്കൂറാണ് ആഴ്ചയില്‍ പ്രവര്‍ത്തിക്കുന്നത്. ചിലരുടേത് ആഴ്ചയില്‍ 56 മണിക്കൂര്‍ വരെ നീളും. മുതിര്‍ന്ന ഫുള്‍ടൈം ജോലിക്കാര്‍ ആഴ്ചയില്‍ 36.6 മണിക്കൂര്‍ മാത്രം ചെലവഴിക്കുമ്പോഴാണ് വിദ്യാര്‍ത്ഥികള്‍ ഈ വിധം കഷ്ടപ്പാട് നേരിടുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകളാണ് ഇത് വ്യക്തമാക്കിയത്.