കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ സംബന്ധിച്ച് ഇപ്പോള്‍ തൊടുന്നതെല്ലാം അബദ്ധങ്ങളാണ്. രാജ്യത്തെ നയിക്കാന്‍ കിട്ടിയ സാഹചര്യത്തില്‍ കടന്നെത്തിയ വെല്ലുവിളികള്‍ അവരുടെ ജനപ്രീതിയെ ഇടിച്ചുതാഴ്ത്തി. ഇതില്‍ നിന്നും ഒരുപരിധി വരെ കരകയറ്റാന്‍ സാമ്പത്തികമായ നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ ജനം വലിയ തോതില്‍ ശത്രുക്കളായി.
ഈ ഘട്ടത്തിലാണ് ജൂലൈ 4ന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഋഷി സുനാകിന് തന്റെ തലയില്‍ ഏല്‍പ്പിച്ചിട്ടുള്ള ഭാരം ഒന്നുകില്‍ ഇറക്കിവെയ്ക്കാം, അല്ലെങ്കില്‍ അതുമായി മുന്നോട്ട് പോയി മാറ്റങ്ങള്‍ സൃഷ്ടിക്കാം. ഇതിനുള്ള അവസരമായി തെരഞ്ഞെടുപ്പ് മാറുമെന്ന് കരുതി ഇരിക്കുമ്പോഴാണ് നിഗല്‍ ഫരാഗ് റിഫോം യുകെയുടെ നേതാവായി രംഗത്തിറങ്ങിയത്.
ഇതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വോട്ടര്‍മാര്‍ ഫരാഗിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്ന സ്ഥിതിയും രൂപപ്പെട്ടു. റിഫോം യുകെയുടെ ഈ നാടകീയ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ടോറി പാര്‍ട്ടിയില്‍ യുദ്ധം തുടങ്ങുമെന്നാണ് നിഗല്‍ ഫരാഗിന്റെ പ്രവചനം. ഒരു യൂഗോവ് സര്‍വ്വെയില്‍ തന്റെ പാര്‍ട്ടി ഭരണപക്ഷ പാര്‍ട്ടിയെ മറികടന്നുവെന്ന വാര്‍ത്ത ആഭ്യന്തര കലഹത്തിന് വഴിതുറക്കുമെന്നാണ് ഫരാഗിന്റെ പ്രതീക്ഷ.
ടോറികള്‍ക്കിടയില്‍ അടിപൊട്ടുന്നതോടെ തന്റെ പാര്‍ട്ടിയിലേക്ക് ഇവര്‍ ചേക്കേറുമെന്ന സൂചനയും ഫരാഗ് നല്‍കുന്നുണ്ട്. ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ റിഫോം പ്രതിപക്ഷമാകുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. രാജ്യത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ടോറി പ്രകടനപത്രിക പുറത്തിറങ്ങിയെങ്കിലും ലേബറിന് എതിരെ നില മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നത് ഋഷി സുനാകിന് തലവേദനയാണ്.