ഋഷി സുനാകിനും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിനും ആവേശമായി യുകെയുടെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ മാസം വീണ്ടും കുറഞ്ഞു. ബാങ്ക് ലക്ഷ്യമിട്ട 2 ശതമാനത്തിലാണ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് എത്തിച്ചേര്‍ന്നതെന്ന് ഏറ്റവും പുതിയ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏപ്രില്‍ വരെയുള്ള 12 മാസത്തിനിടെ പണപ്പെരുപ്പം 2.3 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2022 ഒക്ടോബറില്‍ 11.1 ശതമാനം തൊട്ട ശേഷമാണ് ഈ തിരിച്ചിറക്കം. ഗ്യാസ്, ഇലക്ട്രിസിറ്റി വിലകളുടെ കുതിപ്പായിരുന്നു പണപ്പെരുപ്പം കൊടുമ്പിരി കൊള്ളാന്‍ ഇടയാക്കിയത്.
2021 ജൂലൈയ്ക്ക് ശേഷം ആദ്യമായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 2 ശതമാനത്തിലേക്ക് പണപ്പെരുപ്പം താഴ്ന്നുവെന്നത് ശുഭവാര്‍ത്തയാണ്. പണപ്പെരുപ്പം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി ഋഷി സുനാകിന് ഈ വാര്‍ത്ത അത്യധികം ഗുണം ചെയ്യും.
സമ്പദ് വ്യവസ്ഥയ്ക്കായി തങ്ങള്‍ കൃത്യം കാര്യങ്ങളാണ് ചെയ്യുന്നതെന്ന് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി മെല്‍ സ്‌ട്രൈഡ് ചൂണ്ടിക്കാണിച്ചു. ഇതോടെ ജൂണ്‍ 20ന് ചേരുന്ന യോഗത്തില്‍ ബേസ് റേറ്റ് കുറയ്ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറാകുമോയെന്ന ചോദ്യവും ഉയരുകയാണ്.
പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ജൂലൈ 4ന് മുന്‍പ് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ കേന്ദ്ര ബാങ്ക് തയ്യാറായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും മോര്‍ട്ട്‌ഗേജ് എടുത്തിട്ടുള്ളവര്‍ക്കും, വീട് വാങ്ങാന്‍ ഇരിക്കുന്നവര്‍ക്കും അധികം വൈകാതെ പലിശ കുറയുമെന്ന പ്രതീക്ഷ സജീവമായി. പലിശ നിരക്കുകള്‍ നിലവില്‍ 15 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 5.25 ശതമാനത്തിലാണ്.