
















ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലേറിയ 18 മാസങ്ങള്‍ക്കിടെ കുടിയേറ്റ കുടുംബങ്ങള്‍ക്ക് 15 ബില്ല്യണ്‍ പൗണ്ടിലേറെ ബെനഫിറ്റുകള്‍ നല്‍കിയതായി കണക്കുകള്‍. ഒരു തൊഴില്‍രഹിതനായ വിദേശ പൗരനെങ്കിലും കഴിയുന്ന വീടുകള്‍ക്കാണ് 70 ശതമാനം ബില്ലും നല്‍കിയതെന്ന് പഠനങ്ങള്‍ പറയുന്നു.
വിദേശികള്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനായി അധ്വാനിക്കുന്ന ബ്രിട്ടീഷുകാരില്‍ നിന്നും വന്‍തോതില്‍ നികുതി പിരിച്ചെടുക്കുകയാണെന്ന് ഡാറ്റ പുറത്തുവിട്ട സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ കണ്‍ട്രോള്‍ ആരോപിച്ചു. വിദേശികള്‍ക്ക് ബെനഫിറ്റുകള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് കൂടുതല്‍ ആലോചിക്കേണ്ട കാര്യമില്ല, റിസേര്‍ച്ച് ഡയറക്ടര്‍ റോബര്‍ട്ട് ബെയ്റ്റ്‌സ് പറഞ്ഞു.
2024-ല്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ഇനത്തില്‍ 9.5 ബില്ല്യണ്‍ പൗണ്ട് നല്‍കിയെന്നാണ് എഫ്ഒഐ രേഖകള്‍ കാണിക്കുന്നത്. 2025 ആദ്യ പാദത്തില്‍ 5.6 ബില്ല്യണ്‍ പൗണ്ടും നല്‍കി. അതേസമയം കണക്കുകളില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളിലെ മറ്റുള്ളവര്‍ ബ്രിട്ടീഷ് പൗരന്‍മാരാകാനും, ഇപ്പോള്‍ ജോലി കണ്ടെത്തിയവരുമായി മാറാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാകുന്നുണ്ട്.
2024-ല്‍ നല്‍കിയ 6.7 ബില്ല്യണ്‍ പൗണ്ട് ജോലി ചെയ്യാത്ത വിദേശ പൗരന്‍മാരുള്ള വീടുകള്‍ക്കാണ് ലഭിച്ചത്. കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് പൗരന്‍മാരായി മാറിയ ശേഷം മാത്രമാണ് ഇനി ബെനഫിറ്റുകള്‍ക്കും, സോഷ്യല്‍ ഹൗസിംഗിനും യോഗ്യരാകുകയെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ നടപടികള്‍ കര്‍ശനമാക്കണമെന്ന് ടോറികളും, റിഫോം യുകെയും ആവശ്യപ്പെടുന്നു.