എന്‍എച്ച്എസ് ആശുപത്രിയില്‍ സീനിയര്‍ ജോലി നേടാനായി സൈന്യത്തില്‍ സേവനം നല്‍കിയെന്നും, വ്യാജ യോഗ്യതകളും സമര്‍പ്പിച്ചതായി നഴ്‌സിന് എതിരെ ആരോപണം. 45-കാരി താനിയ നാസിറാണ് നിരവധി വ്യാജ യോഗ്യതകളും, അനുഭവപരിചയവും മുന്‍നിര്‍ത്തി സൗത്ത് വെയില്‍സിലെ ബ്രിഡ്‌ജെന്‍ഡിലുള്ള പ്രിന്‍സസ് ഓഫ് വെയില്‍സ് ഹോസ്പിറ്റലില്‍ ജോലി തരപ്പെടുത്തിയത്.
ചെല്‍സി & വെസ്റ്റ്മിന്‍സ്റ്റര്‍ ഹോസ്പിറ്റലില്‍ സമാനമായ ജോലി ചെയ്‌തെന്ന പേരിലാണ് രോഗബാധിതരും, മാസം തികയാതെ പ്രസവിച്ചതുമായ കുഞ്ഞുങ്ങളുടെ മേല്‍നോട്ടം ഈ നഴ്‌സിനെ ഏല്‍പ്പിച്ചത്. ബ്രിട്ടീഷ് സൈന്യത്തില്‍ മേജറായിരുന്നുവെന്നും, അഫ്ഗാനിസ്ഥാന്‍ ഡ്യൂട്ടിക്കിടെ വെടിയേറ്റിട്ടുണ്ടെന്നും താനിയ നാസില്‍ അവകാശപ്പെട്ടു.
എന്നാല്‍ ഒരു കേഡറ്റായി അടിസ്ഥാന ഫിറ്റ്‌നസ് ടെസ്റ്റ് പോലും ഇവര്‍ പരാജയപ്പെട്ടതായി എംപ്ലോയേഴ്‌സ് കണ്ടെത്തിയതോടെയാണ് നുണകള്‍ പൊളിഞ്ഞത്. അഞ്ച് മാസക്കാലം പ്രിന്‍സസ് ഓഫ് വെയില്‍സ് ഹോസ്പിറ്റലിലെ നിയോനേറ്റല്‍ വിഭാഗത്തില്‍ വാര്‍ഡ് മാനേജറായിരുന്നു നാസിര്‍. എന്നാല്‍ നുണ പൊളിഞ്ഞതോടെ ഏറ്റവും അപകടം നേരിടുന്ന രോഗികളെ അപകടത്തിലാക്കിയതിന് ഇവരെ ആരോഗ്യ മേധാവികള്‍ സസ്‌പെന്‍ഡ് ചെയ്തു.
നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്റെ മൂന്നാം വര്‍ഷ വാലിഡേഷനിടെയാണ് സിവിയുമായി പൊരുത്തക്കേടുകള്‍ ഉള്ളതായി ലൈന്‍ മാനേജര്‍ ശ്രദ്ധിച്ചത്. 2010 മുതല്‍ 2015 വരെ ലണ്ടനിലെ ചെല്‍സി & വെസ്റ്റ്മിന്‍സ്റ്റര്‍ ആശുപത്രിയില്‍ മാസം തികയാത്ത കുഞ്ഞുങ്ങളെ ശുശ്രൂഷിച്ചിരുന്നതായി നാസിര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിന്റെ ഒരു രേഖ പോലും ഉണ്ടായിരുന്നില്ല. മറ്റ് ചില ആശുപത്രികളില്‍ ജോലി ചെയ്‌തെന്നും ഈ വിധം നഴ്‌സ് അവകാശപ്പെട്ടിരുന്നു.
ഫിസിക്‌സ്, പോളിടെക്‌നിക് തുടങ്ങി വിവിധ കോഴ്‌സുകള്‍ പഠിച്ചതായും നഴ്‌സ് വ്യാജരേഖ സമര്‍പ്പിച്ചിരുന്നു. കൂടാതെ ഇവര്‍ ബെനഫിറ്റ് തട്ടിപ്പ് നടത്തി പിടിക്കപ്പെട്ടിട്ടുണ്ടെന്നും മറച്ചുവെച്ചു. എന്നാല്‍ തനിക്കെതിരായ കേസുകള്‍ നാസിര്‍ തള്ളുകയാണ്.