സൈബര്‍സുരക്ഷാ സ്ഥാപനത്തിന്റെ വീഴ്ചകള്‍ നിറഞ്ഞ അപ്‌ഡേറ്റ് മൂലം വിന്‍ഡോസ് സിസ്റ്റം തകരാറിലായതോടെ ആഗോള തലത്തില്‍ ഐടി സിസ്റ്റങ്ങള്‍ സ്തംഭനാവസ്ഥയിലായി. ഹെല്‍ത്ത്‌കെയര്‍, ധനകാര്യം, ട്രാവല്‍ കമ്പനികള്‍ എന്നിവയുടെ സിസ്റ്റങ്ങള്‍ തിരികെ എത്തിക്കാന്‍ ഐടി വിദഗ്ധര്‍ വിയര്‍പ്പൊഴുക്കുകയാണ്.
ടെക്‌സാസ് ആസ്ഥാനമായ ക്രൗഡ്‌സ്‌ട്രൈക്ക് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആഗോളതലത്തില്‍ ലക്ഷക്കണക്കിന് മൈക്രോസോഫ്റ്റ് വിന്‍ഡോസ് കമ്പ്യൂട്ടറുകളെയാണ് പ്രതിസന്ധി ബാധിച്ചത്. എയര്‍പോര്‍ട്ടുകള്‍, പേയ്‌മെന്റ് സിസ്റ്റം, റെസ്റ്റൊറന്റ്, എന്‍എച്ച്എസ് തുടങ്ങി ഫോര്‍മുല 1 വരെ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളാണ് തകരാറിലായത്.
മൈക്രോസോഫ്റ്റ് പ്രതിസന്ധി എന്‍എച്ച്എസിനെയും സാരമായി ബാധിച്ചു. ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയാതെ റോയല്‍ സറേ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ഗുരുതരാവസ്ഥ റിപ്പോര്‍ട്ട് ചെയ്തു. മുന്‍പ് നിശ്ചയിച്ച റേഡിയോതെറാപ്പി ചികിത്സകള്‍ നല്‍കാന്‍ കഴിയാതെ വന്നതാണ് പ്രതിസന്ധിയായത്. അടുത്ത ആഴ്ച വരെയുള്ള അപ്പോയിന്റ്‌മെന്റുകളെ പ്രശ്‌നം ബാധിക്കുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി.
രാജ്യത്ത് ഉടനീളമുള്ള വിവിധ ജിപി സര്‍വ്വീസുകളെയും മൈക്രോസോഫ്റ്റ് പണിമുടക്ക് ബാധിച്ചു. ഇഎംഐഎസ് സിസ്റ്റത്തെ ആശ്രയിക്കുന്നതാണ് ഇതിന് ഇടയാക്കിയത്. അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും, രോഗികളുടെ നോട്ടുകള്‍ പരിശോധിക്കാനും, പ്രിസ്‌ക്രിപ്ഷന്‍ ഓര്‍ഡര്‍ ചെയ്യാനും, റഫറലുകള്‍ക്കും ഈ സിസ്റ്റമാണ് ജിപിമാര്‍ ഉപയോഗിക്കുന്നത്. ഇംഗ്ലണ്ടിലെ ഏകദേശം 3700 ജിപി പ്രാക്ടീസുകളെ പ്രശ്‌നം ബാധിച്ചതായാണ് കരുതുന്നത്.