കണ്ണൂരില്‍ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കുട്ടിയെ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ ചികിത്സക്കായി കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. പരിയാരം സ്വദേശിയായ കുട്ടി കഴിഞ്ഞ ദിവസം തൊട്ടടുത്ത വെള്ളച്ചാട്ടത്തില്‍ കുളിച്ചിരുന്നു. ഇതാവാം രോഗകാരണമെന്ന് സംശയിക്കുന്നതായി ഡോക്ടര്‍ ചൂണ്ടിക്കാട്ടി.
അമീബിക് മസ്തിഷ്‌ക ജ്വരം വലിയ ആശങ്കയായി പടരുമ്പോള്‍ ഈ രോഗത്തെപ്പറ്റി അറിയേണ്ട ചില കാര്യങ്ങളുണ്ട്. രോഗം ഉണ്ടാക്കുന്ന അമീബ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്നവയാണ്. അത്യപൂര്‍വ രോഗം ആണ് അമീബിക് മസ്തിഷ്‌ക ജ്വരം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുളിക്കുമ്പോഴും മറ്റും മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയാണ് അമീബ മനുഷ്യശരീരത്തില്‍ കടക്കുന്നത്.
രോഗം തലച്ചോറിനെയാണ് ഗുരുതരമായി ബാധിക്കുന്നത്, അതിനാല്‍ മരണനിരക്ക് വളരെ കൂടുതലാണ്. രോഗാണു ശരീരത്തില്‍ എത്തിയാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരാഴ്ചവരെ എടുക്കും എന്നതും വെല്ലുവിളിയാണ്. തലവേദന, പനി, ഛര്‍ദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.