CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 20 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയ്ക്ക് ബര്‍മിങ്ങാമില്‍ ആസ്ഥാനമന്ദിരം, സെപ്റ്റംബര്‍ 16ന് വെഞ്ചരിപ്പും ഉദ്ഘാടനവും

സെപ്റ്റംബര്‍ പതിനാറിന് സഭാ തലവന്‍കൂടിയായ മേജര്‍ അര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പാസ്റ്ററല്‍ സെന്റിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിര്‍വഹിക്കും.

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയ്ക്ക് ബര്‍മിങ്ങാമില്‍ പുതിയ ആസഥാനമന്ദിരം.  സീറോ മലബാര്‍ സഭയുടെ ഭാഗമായ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അജപാലന ശുശ്രൂഷകള്‍ ഏകോപിപ്പിക്കുന്നതിനും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആസ്ഥാന മന്ദിരവുമായാണ് സെപ്റ്റംബര്‍ 16ന് പാസ്റ്ററല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുക. സെപ്റ്റംബര്‍ പതിനാറിന് സഭാ തലവന്‍കൂടിയായ മേജര്‍ അര്‍ച്ച്ബിഷപ്  മാര്‍ റാഫേല്‍ തട്ടില്‍ പാസ്റ്ററല്‍ സെന്റിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിര്‍വഹിക്കും. പത്തൊമ്പതാം  നൂറ്റാണ്ടു മുതല്‍ ബ്രിട്ടണിലെ കത്തോലിക്കാ വിശ്വസത്തിന്റെ  പ്രധാന കേന്ദ്രമായി അറിയപ്പെടുന്ന ബര്‍മിംഗ്ഹാമിലെ ഓള്‍ഡ് ഓസ്‌കോട്ട് ഹില്ലില്‍ (Old Oscott Hill 99, B44 9SR) ആണ് 13,500 ചതുരശ്ര അടി വിസ്തൃതിയുള്ള പാസ്റ്ററല്‍ സെന്ററിന്റെ പ്രവര്‍ത്തനം.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ മുഴുവന്‍ വൈദികരുടെയും സന്യസ്തരുടെയും എല്ലാ മിഷനുകളില്‍ നിന്നുമുള്ള വിശ്വാസികളുടെയും തീക്ഷണമായ പ്രാര്‍ത്ഥനയുടെയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള ധനസമാഹരണത്തിന്റെയും ഫലമായിട്ടാണ് പാസ്റ്ററല്‍ സെന്റര്‍  യാഥാര്‍ധ്യമാകുന്നത്.   ചുരുങ്ങിയ സമയത്തിനുള്ളില്‍ 1.1 മില്യണ്‍ പൌണ്ട് (ഏകദേശം 11 കോടി രൂപ) സമാഹരിച്ചാണ്   പാസ്റ്ററല്‍ സെന്റര്‍ എന്ന ലക്ഷ്യം രൂപത സാധ്യമാക്കുന്നത്. രൂപതുയുടെ ബ്രിട്ടണിലെമ്പാടുമുള്ള മിഷനുകളും മാസ് സെന്ററുകളും കേന്ദ്രീകരിച്ച് ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

കെട്ടിടത്തിന്റെ താക്കോല്‍ കൈമാറ്റം വ്യാഴാഴ്ച നടന്നു. തുടര്‍ന്ന് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടന്ന സമൂഹബലിയോടെ പാസ്റ്ററല്‍ സെന്റര്‍ രൂപതയുടെ ഭാഗമായി മാറി.

2016 ജൂലൈ 16നു ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങിയ ബ്രിട്ടനിലെ

സീറോ മലബാര്‍ രൂപത എട്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് രൂപതാ ആസ്ഥാനവും പാസ്റ്ററല്‍ സെന്ററും സ്വന്തം കെട്ടിടത്തിലേക്കു പ്രവര്‍ത്തനം മാറ്റുന്നത്.

സിസ്റ്റേഴ്‌സ് ഓഫ് വിര്‍ജിന്‍ മേരി എന്ന സന്യാസിനി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു ഇതുവരെ ഇവിടെ നടന്നിരുന്നത്.  ആംഗ്ലിക്കന്‍ സഭയില്‍ നിന്നും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു വന്ന കന്യാസ്ത്രീകള്‍ക്കായി സെന്റ് സിസിലിയ ആബിയാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്.

1.8 ഏക്കര്‍ സ്ഥലവും കാര്‍ പാര്‍ക്കും ഈ പ്രോപ്പര്‍ട്ടിയില്‍ ഉള്‍പ്പെടുന്നു. കെട്ടിടത്തില്‍ നിലവില്‍ 22 ബെഡ്‌റൂമുകളും 50 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഡോര്‍മറ്ററിയും അനുബന്ധ ഹാളുകളും  50 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഡൈനിംഗ് ഹാളും കിച്ചണും  100 പേരേ ഉള്‍ക്കൊള്ളാവുന്ന ചാപ്പലുമുണ്ട്.  നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍  ഇപ്പോഴുള്ളതിലേറെ സൗകര്യങ്ങള്‍ ബില്‍ഡിംഗില്‍ ക്രമീകരിക്കാന്‍ കഴിയുമെന്നാണ് സഭാധികാരികള്‍ പ്രതീക്ഷിക്കുന്നത്.

ബര്‍മിംഗ്ഹാം, ബ്രിസ്റ്റോള്‍,  കാഡിഫ്, കേംബ്രിഡ്ജ്, കാന്റര്‍ബറി, ലീഡ്‌സ്, ലെസ്റ്റര്‍, ലണ്ടന്‍, മാഞ്ചസ്റ്റര്‍, ഓക്‌സ്‌ഫോര്‍ഡ്, പ്രസ്റ്റണ്‍, സ്‌കോട്‌ലാന്‍ഡ്, സൗത്താംപ്ടണ്‍ എന്നിങ്ങനെ പന്ത്രണ്ട് റീജിയനുകളിലായി എഴുപതോളം വൈദികരുടെയും അഞ്ച് സന്യസ്തരുടെയും  നേതൃത്വത്തിലാണ് ബ്രിട്ടണില്‍ സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍.  നാല് സ്വന്തം ഇടവകകളും 55 മിഷനുകളും 31 പ്രൊപ്പോസ്ഡ് മിഷനുകളും ഉള്‍പ്പെടെ ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍തേണ്‍ അയര്‍ലന്‍ഡ്  എന്നിവിടങ്ങളിലായി 90 നഗരങ്ങളില്‍ സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി നടക്കുന്നു. നിലവില്‍ രൂപതയില്‍ വ്യത്യസ്തങ്ങളായ 27 കമ്മിഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ റീജിയനുകള്‍ക്കും സൌകര്യപ്രദമായ ലൊക്കേഷന്‍ എന്ന നിലയിലാണ് ബര്‍മിങ്ങാമില്‍ പാസ്റ്ററല്‍ സെന്റര്‍ സ്ഥാപിക്കാന്‍ തീരുമാനം ഉണ്ടായത്.

പ്രൊട്ടസ്റ്റന്റ് വൈദികനും പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്ത പ്രമുഖ ദൈവശാസ്ത്രജ്ഞന്‍ കര്‍ദ്ദിനാള്‍ ന്യൂമാന്റെ  പ്രവര്‍ത്തനകേന്ദ്രമായിരുന്നു ബര്‍മിംഗ്ഹാമിലെ ഓള്‍ഡ് ഓസ്‌കോട്ട് ഹില്‍. 

കത്തോലിക്കാ വിശ്വാസം സ്വീകരിച്ചശേഷം കാര്‍ഡിനല്‍ ന്യൂമാന്‍ താമസിച്ചത് രൂപതയുടെ പുതിയ പാസ്റ്ററല്‍ സെന്ററിന് തൊട്ടടുത്തുള്ള മേരിവെയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആയിരുന്നു.

ബ്രിട്ടണില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടാണ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ എഴുപതിനായിരത്തിലധികം  അംഗങ്ങളുള്ള വിശ്വാസ സമൂഹമായി  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വളര്‍ന്നത്. ജോലി തേടിയും ഉന്നത വിദ്യാഭ്യാസത്തിനുമായി ബ്രിട്ടണിലെത്തിയ സീറോ മലബാര്‍ സഭാംഗങ്ങളുടെ വിശ്വാസ പാരമ്പര്യം സംരക്ഷിക്കുന്നതിനും   ഇവിടെ ജനിച്ചു വളരുന്ന പുതിയ തലമുറയുടെ ആത്മീയവും ഭൗതീകവുമായ  ഉന്നമനവും ലക്ഷ്യമാക്കിയുമാണ് സഭയുടെ പ്രവര്‍ത്തനങ്ങള്‍.  രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും വിവിധ കമ്മീഷനുകളുടെയും നേതൃത്വത്തില്‍ വിശ്വാസതീഷ്ണമായ പ്രവര്‍ത്തനങ്ങളാണ് ബ്രട്ടണിലെ മുഴുവന്‍ മിഷനുകളിലും നടന്നുകൊണ്ടിരിക്കുന്നത്.

രൂപതാധ്യക്ഷന്റെ സ്ഥിരമായ താമസസ്ഥലം എന്നതിന് ഉപരിയായി ബ്രിട്ടണിലെ സീറോ മലബാര്‍ രൂപതാ വിശ്വാസികളുടെയും വൈദികര്‍, സന്യസ്തര്‍ എന്നിവരുടെയും ഔദ്യോഗിക ആസ്ഥാനമായാവും പാസ്റ്ററല്‍ സെന്ററിന്റെ പ്രവര്‍ത്തനം.

കുട്ടികള്‍. യുവജനങ്ങള്‍, കുടുംബ കൂട്ടായ്മകള്‍ എന്നിവര്‍ക്ക്  ആവശ്യമായ പരിശീലനം നല്‍കുന്നതിനും അവര്‍ക്ക് ഒത്തുചേരാനുള്ള വേദിയായും പാസ്റ്ററല്‍ സെന്റര്‍ മാറും. രൂപതയുടെ വിവിധ കമ്മിഷനുകളുടെ പ്രോഗ്രാമുകള്‍ക്കും ധ്യാനങ്ങള്‍ക്കും പൊതുവായ കൂടിച്ചേരലുകള്‍ക്കും വിവാഹ ഒരുക്ക സെമിനാറുകള്‍ക്കും പാസ്റ്ററല്‍ സെന്ററില്‍ സൌകര്യമുണ്ടാക്കും. രൂപതയുടെ വിവിധ ആവശ്യങ്ങളില്‍ വോളന്റിയര്‍ ശുശ്രൂഷ ചെയ്യുന്ന ആളുകള്‍ക്ക് സൌകര്യപ്രദമായി ഒത്തുചേരുന്നതിനും പാസ്റ്ററല്‍ സെന്റര്‍ വേദിയാകും.

കെട്ടിടത്തിന്റെ വിലയ്ക്കു പുറമെ അറുപതു വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ ആവശ്യമായ നവീകരണത്തിനും വിപുലീകരണത്തിനുമായി ആവശ്യമായ തുക വിശ്വാസികളില്‍നിന്നും സമാഹരിച്ച് സെപ്റ്റംബര്‍ 16ന് ദീര്‍ഘകാല അഭിലാഷമായ ആസ്ഥാനമന്ദിരം  പ്രവര്‍ത്തനക്ഷമമാക്കാമെന്നാണ് രൂപതാ കുടുംബത്തിന്റെ പ്രതീക്ഷ.

 

 

 

 

ഷൈമോന്‍ തോട്ടുങ്കല്‍ 

 

 




കൂടുതല്‍വാര്‍ത്തകള്‍.