രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയെ നയിക്കേണ്ട അവസ്ഥയാണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ സ്ഥിതി അത്രയൊന്നും മോശമല്ലെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറുടെ പക്ഷം.
മെയിലിന് നല്‍കിയ അഭിമുഖത്തിലാണ് പണപ്പെരുപ്പം കുറഞ്ഞ നിലയിലെത്തിയത് നല്ല വാര്‍ത്തയാണെന്നും, ശുഭാപ്തിവിശ്വാസത്തിന് കാരണമുണ്ടെന്നും ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കി. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി പലിശ നിരക്കുകള്‍ കുറച്ചതിന് ശേഷമാണ് കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ പ്രതികരണവുമായി രംഗത്തെത്തുന്നത്.
ഒക്ടോബറിലെ ആദ്യ ബജറ്റില്‍ നികുതികള്‍ ഉയര്‍ത്താനുള്ള വഴിയൊരുക്കാനാണ് സമ്പദ് വ്യവസ്ഥയെ കുറിച്ച് ചാന്‍സലര്‍ റീവ്‌സ് മോശം ചിത്രം വരച്ചിടുന്നതിന് പിന്നിലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുമേഖലാ ജീവനക്കാര്‍ക്ക് 6 ശതമാനം വരെയുള്ള ശമ്പളവര്‍ദ്ധനയ്ക്കായി 10 ബില്ല്യണ്‍ പൗണ്ട് കണ്ടെത്തണമെന്നതാണ് കുറവായി പറയുന്ന 22 ബില്ല്യണിന്റെ പകുതിയെന്നും ഇവര്‍ പറയുന്നു.
റീവ്‌സിന്റെ ആരോപണങ്ങളില്‍ മറുപടി പറഞ്ഞ് രാഷ്ട്രീയം പറയാനില്ലെന്ന് വ്യക്തമാക്കിയ ബാങ്ക് ഗവര്‍ണര്‍ കൂടുതല്‍ ശുഭസൂചകമാണ് കാര്യങ്ങളെന്ന് വ്യക്തമാക്കി. 'നല്ല വാര്‍ത്തകളുണ്ട്, ശുഭാപ്തി വിശ്വാസത്തിന് കാരണങ്ങളുണ്ട്. പണപ്പെരുപ്പം 11 ശതമാനത്തിലേക്ക് പോയ ശേഷം ഇപ്പോള്‍ ലക്ഷ്യമിട്ട 2 ശതമാനത്തിലാണ്. ആളുകള്‍ക്കും, ബിസിനസ്സുകള്‍ക്കും ആശങ്ക അകറ്റാനുള്ള പ്രതീക്ഷയാണ് നല്‍കേണ്ടത്. അതാണ് നമ്മുടെ ജോലി', ബെയ്‌ലി പറഞ്ഞു.