ബ്രിട്ടനില്‍ കലാപം ആളിക്കത്തിച്ച് തീവ്രവലത് പ്രതിഷേധങ്ങള്‍ അരങ്ങേറിയ തക്കത്തില്‍ ഷോപ്പുകള്‍ കൊള്ളയടിച്ച് ആളുകള്‍. തെമ്മാടികളുമായി ഏറ്റമുട്ടിയ പോലീസ് ഓഫീസര്‍മാരില്‍ നിരവധി പേര്‍ ആശുപത്രിയിലാകുകയും, തെരുവുകളില്‍ അരാജകത്വം അരങ്ങേറുകയും, കാറുകള്‍ക്ക് തീയിടുകയും ചെയ്തു.
ബ്രിസ്റ്റോള്‍ മുതല്‍ സ്‌റ്റോക്കിലും, ലിവര്‍പൂളിലും, മാഞ്ചസ്റ്ററിലും, ഹള്ളിലും വരെ പോലീസ് സേനകളുമായി സംഘര്‍ഷമുണ്ടായി. ഇതിനിടെ പല ഷോപ്പുകളിലും കവര്‍ച്ച നടന്നു, കൂടാതെ ഒരു ലൈബ്രറിക്ക് തീയിടുകയും ചെയ്തു. ഇന്ന് കൂടുതല്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനാല്‍ അക്രമം വ്യാപകമാകുമെന്നാണ് ആശങ്ക. റോത്തര്‍ഹാം, റഷ്മൂര്‍, വെയ്മൗത്ത്, മിഡില്‍സ്ബറോ, ലങ്കാസ്റ്റര്‍ എന്നിവിടങ്ങളിലാണ് റാലികള്‍ നടക്കുക.
വൈന്‍, ഷൂസ്, ഫോണുകള്‍ എന്നിവയെല്ലാം ദൈനംദിന സ്‌റ്റോറുകളില്‍ നിന്നും പട്ടാപ്പകല്‍ കൊള്ളയടിക്കുകയായിരുന്നു. കല്ലുകളും, കട്ടകളും കൊണ്ട് ചില്ലുകള്‍ തകര്‍ത്താണ് സാധനങ്ങള്‍ അടിച്ചുമാറ്റിയത്. നിരവധി ഷോപ്പുകള്‍ തകര്‍ക്കുകയും, തീവെയ്ക്കുകയും ചെയ്തു. സൗത്ത്‌പോര്‍ട്ടിലെ കത്തിക്കുത്ത് കൊലപാതകങ്ങള്‍ ഇമിഗ്രേഷന്‍ വിരുദ്ധ പ്രതിഷേധങ്ങളായി രൂപം മാറിയതോടെ സാധാരണക്കാരുടെ ജീവിതങ്ങളാണ് തകര്‍ക്കപ്പെടുന്നത്.
ഓണ്‍ലൈനില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാണ് ബ്രിട്ടനിലെ തെരുവുകളിലെ സംഘര്‍ഷം മൂര്‍ച്ഛിച്ചത്. അരാജകത്വം അവസാനിപ്പിക്കാന്‍ പോലീസ് സേനകള്‍ക്ക് സാധിക്കുന്നുമില്ല. പോലീസ് സേവനം നല്‍കണോ, പോലീസ് സേനയായി പ്രവര്‍ത്തിക്കണോയെന്നാണ് മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ചോദിക്കുന്നത്. കലാപം അഴിച്ചുവിടുന്നവരെ തടയാന്‍ നിലവിലെ പോലീസിന് ഉപകരണങ്ങള്‍ പോലുമില്ലെന്നതാണ് അവസ്ഥ.