വിശ്വാസികള്‍ ഉണ്ടാകുകയും, വിശ്വാസികളെ നയിക്കാന്‍ പുരോഹിതന്‍മാര്‍ ഉണ്ടാകുകയും വേണം. ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്. എന്നാല്‍ ഇതില്‍ ഏതെങ്കിലും ഭാഗം ദുര്‍ബലപ്പെട്ടാല്‍ മറുവശവും മോശമാകും. ഇതാണ് ഇപ്പോള്‍ ഡബ്ലിനിലെ ദുരവസ്ഥ.
കേവലം ഒരൊറ്റ വ്യക്തി മാത്രമാണ് ഇപ്പോള്‍ ഇവിടെ കാത്തോലിക്കാ പുരോഹിതനാകാന്‍ പഠിക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍. അവസ്ഥ ശരിായണെന്ന് ഡബ്ലിന്‍ ആര്‍ച്ച്ഡയസീസ് വൊക്കേഷന്‍സ് ഡയറക്ടര്‍ ഫാ. സീമസ് മക്എന്‍ടീ സ്ഥിരീകരിച്ചു. പുരോഹിതരാകാന്‍ തയ്യാറാകുന്നവരുടെ എണ്ണം മുരടിച്ചത് നഗരത്തിലെ വിശ്വാസത്തിന് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
നഗരപ്രദേശത്തിന് പുറമെ കൗണ്ടികളായ ഡബ്ലിന്‍ & വിക്ക്‌ലോ, കാര്‍ലോ, കില്‍ഡെയര്‍, ലാവോയിസ്, വെക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളിലായി ഒരു മില്ല്യണിലേറെ വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന ഇടമാണ് റോമന്‍ കാത്തലിക് ആര്‍ച്ച്ഡയസീസ് ഓഫ് ഡബ്ലിന്‍. മേഖലയിലെ ജനസംഖ്യ 1.6 മില്ല്യണോളം വരുമെന്നതിനാല്‍ കാത്തലിക് മതം സ്വീകരിച്ചവരാണ് മൂന്നില്‍ രണ്ട് ഭാഗവുമെന്ന് വ്യക്തമാണ്.
എന്നാല്‍ വിശ്വാസികളുടെ എണ്ണത്തിന് അനുസരിച്ച് സര്‍വ്വീസ് നടത്താന്‍ കഴിയുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവില്ലെന്നതാണ് അവസ്ഥ. ഇതോടെ പല പാരീഷുകളിലും വമ്പന്‍ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പതിവ് കുര്‍ബാന നടത്താന്‍ ആളെ കിട്ടാതെ വന്നതോടെ രണ്ട് ഇടവകകള്‍ ലയിപ്പിച്ചു. പൗരോഹിത്യത്തിനായി ആളുകളെ തെരഞ്ഞെടുക്കുന്നതിലെ ദീര്‍ഘമായ നടപടിക്രമങ്ങളാണ് പ്രധാന പ്രശ്‌നമായി കരുതുന്നത്. എന്നിരുന്നാലും അടുത്ത ഒന്ന്, രണ്ട് വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ കുപ്പായം അണിയാന്‍ തയ്യാറായി മുന്നോട്ട് വരുമെന്നാണ് ഫാ. മക്എന്‍ടീയുടെ പ്രതീക്ഷ.