ഇസ്രയേലിനുള്ള ആയുധ കയറ്റുമതി ഭാഗികമായി നിര്‍ത്തിവെച്ച് ബ്രിട്ടന്‍. ഏകദേശം 30 സായുധ കയറ്റുമതി ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്താണ് ഗാസ അനുകൂല നടപടിയുമായി ലേബര്‍ ഗവണ്‍മെന്റ് മുന്നോട്ട് പോയത്. ആയുധങ്ങള്‍ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ ഉപയോഗിക്കുമെന്നതിനാല്‍ മറ്റ് വഴികളില്ലാതെയാണ് നിരോധനമെന്ന് ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.
എന്നാല്‍ വിവാദമായ തീരുമാനം ഗാസ അനുകൂല ജനക്കൂട്ടത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന് ആരോപണം ശക്തമായി. ഹമാസിന് എതിരായി സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ തുടര്‍ന്നും പിന്തുണയ്ക്കുന്നതായി മന്ത്രി അവകാശപ്പെട്ടു. 350 കയറ്റുമതി ലൈസന്‍സുകളില്‍ 30 എണ്ണമാണ് സസ്‌പെന്‍ഡ് ചെയ്തത്. വിമാനങ്ങളുടെയും, ഹെലികോപ്റ്ററുകളുടെയും, ഡ്രോണുകളുടെയും കിറ്റുകളുടെ വില്‍പ്പനയെ ഇത് ബാധിക്കും.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കടന്നാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഡേവിഡ് ലാമി വ്യക്തമാക്കി. സുപ്രധാന സഖ്യകക്ഷിക്ക് ആയുധ വില്‍പ്പന തടഞ്ഞതിലൂടെ ബ്രിട്ടീഷുകാരെ തീവ്രവാദികളില്‍ നിന്നും സംരക്ഷിക്കുന്ന ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന വ്യവസ്ഥയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഗാസ അനുകൂല പ്രതിഷേധങ്ങള്‍ നടന്ന തങ്ങളുടെ സീറ്റുകളില്‍ നിന്നുള്ള സമ്മര്‍ദത്തില്‍ നിന്നുമാണ് ലേബര്‍ എംപിമാര്‍ ഈ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിമര്‍ശനം.
ഹമാസ് തട്ടിക്കൊണ്ട് പോയ ആറ് ബന്ദികളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് യുകെയുടെ തീരുമാനം. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിലും പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഇക്കാര്യം മുന്‍നിര്‍ത്തി പൊതുഹര്‍ത്താലും നടത്തി. എന്നാല്‍ തങ്ങളുടെ സൈന്യത്തെ ഈ വിലക്ക് ഒരു തരത്തിലും ബാധിക്കില്ലെന്ന് ഇസ്രയേല്‍ തിരിച്ചടിച്ചു. ഒരു സൂചനയെന്ന നിലയിലുള്ള നീക്കത്തിന് പ്രത്യാഘാതം ഉണ്ടാകുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് വ്യക്തമാക്കി.