എന്‍എച്ച്എസില്‍ അമിതമായി ജോലി ചെയ്യുന്നവര്‍ ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും, കുറച്ച് ജോലി ചെയ്യുന്നവര്‍ അതേ രീതിയും തുടരും. എന്നാല്‍ ഈ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും മേലധികാരികള്‍ മനഃപ്പൂര്‍വ്വം ശ്രദ്ധിക്കാതെയും ഇരിക്കും. ഇത്തരത്തില്‍ ഒരു എന്‍എച്ച്എസ് സൈക്കോളജിസ്റ്റിന്റെ അമിതമായ ജോലി കണ്ടില്ലെന്ന് നടിച്ച എന്‍എച്ച്എസ് മേധാവികളോട് 87,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാനാണ് വിധിച്ചിരിക്കുന്നത്.
എന്‍എച്ച്എസ് സൈക്കോളജിസ്റ്റായ ഡോ. പിപ്പാ സ്റ്റാള്‍വര്‍ത്തിക്ക് 13 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷിഫ്റ്റുകളിലാണ് ജോലി ചെയ്യേണ്ടി വന്നത്. എട്ട് മാസക്കാലം ഈ അവസ്ഥ തുടര്‍ന്നതോടെ ഇവരുടെ മെന്റല്‍ ഹെല്‍ത്ത് ടീം നാടകീയമായ ദുരിതത്തിലായി. റഫറലുകള്‍ വന്‍തോതില്‍ ഉയര്‍ന്നതോടെയാണ് ഭാരം മുഴുവന്‍ ഇവര്‍ക്ക് മേല്‍ പതിച്ചതെന്ന് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ മുന്‍പാകെ വ്യക്തമാക്കി.
ഹെല്‍ത്ത് സര്‍വ്വീസ് തനിക്ക് യാതൊരു പിന്തുണയും നല്‍കിയില്ലെന്ന് കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പറഞ്ഞു. ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെ പരിചരിക്കുന്ന തന്റെ ടീമിന് സഹായം വേണമെന്ന അക്ഷേ ആരും ചെവിക്കൊണ്ടില്ല. പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും പരിഗണിക്കാതെ വന്നതോടെ ഇവര്‍ രാജിവെച്ചു.
2009 മുതല്‍ സൗത്ത് വെസ്റ്റ് ലണ്ടന്‍ & സെന്റ് ജോര്‍ജ്ജസ് മെന്റല്‍ ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റിലെ ട്രൊമാറ്റിക് സ്‌ട്രെസ് സര്‍വ്വീസില്‍ ക്ലിനിക്കല്‍ ലീഡായി ഡോ. സ്റ്റാള്‍വര്‍ത്തി ജോലി ചെയ്തിരുന്നു. 2019 നവംബറില്‍ രാജിവെയ്ക്കുന്നത് വരെ ഇവിടെ തുടരുകയും ചെയ്തു. 2019 ജനുവരി മുതല്‍ റഫറലുകള്‍ വര്‍ദ്ധിച്ചതോടെ താനും, ടീമും അധിക സമയം ജോലി ചെയ്യുന്നത് സംബന്ധിച്ച് ഡോ. സ്റ്റാള്‍വര്‍ത്തി പല തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നു.
തനിക്കൊപ്പം ജോലി ചെയ്യുന്നവരും ഇത്രയും സമയം ജോലി ചെയ്യുന്നതില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ 'അനങ്ങാതെ' വന്നതോടെയാണ് ഇവര്‍ രാജിവെച്ചത്. ഡോക്ടര്‍ക്കും, ടീമിനും പിന്തുണ ലഭിച്ചില്ലെന്നും, 13 മണിക്കൂര്‍ ഷിഫ്റ്റ് ചെയ്യിച്ചതിനും 87,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാനാണ് ട്രിബ്യൂണല്‍ വിധിച്ചത്.