ലേബര്‍ ഗവണ്‍മെന്റ് യൂണിയനുകളുടെ ഗവണ്‍മെന്റാണെന്നാണ് പൊതുവെയുള്ള പ്രചരണം. അതില്‍ വലിയൊരളവില്‍ സത്യമുണ്ടെന്ന് കഴിഞ്ഞ മാസങ്ങളിലെ പ്രവര്‍ത്തനം കൊണ്ട് കീര്‍ സ്റ്റാര്‍മറും, സംഘവും തെളിയിച്ച് കഴിഞ്ഞു. എന്നാല്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ ശക്തി തെളിയിക്കാന്‍ ശ്രമിച്ച് യൂണിയനുകളും, ഗവണ്‍മെന്റും ഇരുപക്ഷത്തായി നിലയുറപ്പിക്കുകയാണ് ഉണ്ടായത്.
ലക്ഷക്കണക്കിന് പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ നടപടിക്ക് എതിരെയാണ് ലേബര്‍ കോണ്‍ഫറന്‍സില്‍ വോട്ടിംഗ് നടന്നത്. ലിവര്‍പൂളിലെ കോണ്‍ഫറന്‍സില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇത് പാലിക്കേണ്ട ചുമതലയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതായി വരുമെന്നാണ് സ്റ്റാര്‍മറുടെ നിലപാട്.
യൂണിവേഴ്‌സല്‍ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ തിരിച്ചെത്തിക്കുന്നതിനെ അനുകൂലിച്ചുള്ള പ്രമേയത്തിനാണ് കോണ്‍ഫറന്‍സ് അനുകൂലമായി വോട്ട് ചെയ്തത്. ഇത് ട്രേഡ് യൂണിയന്‍ നേതാക്കള്‍ സ്റ്റാര്‍മര്‍ക്ക് നല്‍കിയ ആഘാതമായി മാറി. എന്നാല്‍ വിമതശബ്ദം അവഗണിക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.
കോണ്‍ഫറന്‍സില്‍ നാണംകെട്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പാര്‍ട്ടി മേധാവികളും, ക്യാബിനറ്റ് മന്ത്രിമാരും ആവര്‍ത്തിച്ചു. കഴിഞ്ഞ ഗവണ്‍മെന്റ് വരുത്തിവെച്ച 22 ബില്ല്യണ്‍ പൗണ്ടിന്റെ വിടവ് നികത്താന്‍ ബുദ്ധിമുട്ടിപ്പിക്കുന്ന തീരുമാനങ്ങള്‍ വേണ്ടിവരുമെന്നാണ് കീര്‍ സ്റ്റാര്‍മര്‍ ഉന്നയിക്കുന്ന ന്യായീകരണം.