യുകെയില്‍ ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതി ഉപയോഗിച്ച് വാര്‍ദ്ധക്യത്തിലുള്ള ജനങ്ങളെ രാജ്യം നല്ല രീതിയില്‍ നോക്കുമെന്നാണ് ആപ്തവാക്യം. എന്നാല്‍ പണം പിരിച്ചെടുക്കുന്നതല്ലാതെ പ്രായമായ ആളുകളെ വേണ്ടവിധം പരിചരിക്കാന്‍ കഴിയുന്നുവെന്ന് ഗവണ്‍മെന്റിന് ഉറപ്പാക്കാന്‍ സാധിക്കുന്നില്ല. എന്‍എച്ച്എസ് നേരിടുന്ന ദുഃസ്ഥിതിയാണ് ഇതിന് കാരണം.
ഈ അവസരത്തിലാണ് കൂടുതല്‍ ദുരിതം നേരിടാതെ ജീവിതം അവസാനിപ്പിക്കാന്‍ വൃദ്ധരായ ദമ്പതികള്‍ തീരുമാനിച്ചിരിക്കുന്നത്. 80-കാരി ക്രിസ്റ്റീന്‍ സ്‌കോട്ടും, ഭര്‍ത്താവ് 86-കാരന്‍ പീറ്ററുമാണ് സ്വിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആത്മഹത്യാ ഗ്രൂപ്പായ 'ദി ലാസ്റ്റ് റിസോര്‍ട്ടിന്റെ' വിവാദമായ സാര്‍ക്കോ മെഷീന്‍ ഉപയോഗിച്ച് സ്വയം ദയാവധം സമ്മാനിക്കാന്‍ ഒപ്പുവെച്ചിരിക്കുന്നത്.
വാസ്‌കുലാര്‍ ഡിമെന്‍ഷ്യ ബാധിതയാണ് ക്രിസ്റ്റീന്‍. പീറ്ററിനും പ്രായത്തിന്റെ പ്രശ്‌നങ്ങളുണ്ട്. ഈ അവസ്ഥയില്‍ എന്‍എച്ച്എസ് നല്‍കുന്ന സേവനങ്ങളെ കുറിച്ച് ഇവര്‍ക്ക് ഏറെ ആശങ്കകളുണ്ട്. മെഷീന് അകത്ത് കയറിയിരുന്ന് ഒരു സ്വിച്ചിട്ടാല്‍ സ്വയം ജീവനൊടുക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള സാങ്കേതികവിദ്യയാണ് സാര്‍ക്കോ മെഷീന്‍.
ഭാര്യയുടെ മാനസിക ആരോഗ്യ സ്ഥിതി മോശമാകുന്നത് കാണേണ്ടി വരികയും, പ്രായം മൂലം താന്‍ നേരിടുന്ന വേദനകളും സഹിക്കാന്‍ കഴിയില്ലെന്നത് മുന്‍നിര്‍ത്തിയാണ് പീറ്റര്‍ ഈ തീരുമാനത്തിന് കാരണമായി പറയുന്നത്. പ്രായമാകുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് വേഗത്തില്‍ കൃത്യമായ എന്‍എച്ച്എസ് ചികിത്സ ലഭിക്കാന്‍ സാധ്യത കുറഞ്ഞതായി പീറ്റര്‍ പറയുന്നു.
എന്നാല്‍ വാര്‍ദ്ധക്യകാല സേവനങ്ങള്‍ മോശമാകുന്നതിന്റെ പേരില്‍ പ്രായമായവര്‍ ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായി ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ആശങ്കപ്പെടുന്നു. എന്നാല്‍ ഇവര്‍ക്ക് ആവശ്യമുള്ള പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിനും ഉറപ്പില്ല.