രാജ്യം ശക്തമായ മഴയിലും, വെള്ളപ്പൊക്കത്തിലും നിന്ന് കരകയറവെ ഞായറാഴ്ചയിലേക്ക് ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വെള്ളിയാഴ്ച ഇംഗ്ലണ്ടിലും, വെയില്‍സിലും വെള്ളപ്പൊക്കം റെയില്‍ സേവനങ്ങളെ തടസ്സപ്പെടുത്തിയിരുന്നു. ഗ്ലോസ്റ്റര്‍ഷയറില്‍ എം5 മോട്ടോര്‍വെയില്‍ ഇരുഭാഗത്തേക്കുമുള്ള ഗതാഗതവും വെള്ളപ്പൊക്കം മൂലം അടച്ചിരുന്നു.
ഇംഗ്ലണ്ടില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ 60 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി നല്‍കിയിരുന്നത്. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, ബെഡ്‌ഫോര്‍ഡ്ഷയര്‍, നോര്‍ത്താംപ്ടണ്‍ഷയര്‍, കെന്റ്, ഹോം കൗണ്ടികള്‍ എന്നിവിടങ്ങളിലായി 385 പ്രോപ്പര്‍ട്ടികള്‍ വെള്ളപ്പൊക്കത്തില്‍ പെട്ടതായി ഇഎ വ്യക്തമാക്കി. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ഭാഗങ്ങള്‍ക്കായി നല്‍കിയിരുന്ന ആംബര്‍, മഞ്ഞ മുന്നറിയിപ്പുകള്‍ വെള്ളിയാഴ്ച അവസാനിച്ചിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ ശക്തമായ കാറ്റിനുള്ള മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചത്. ഞായറാഴ്ച സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും, വെയില്‍സിലുമായി ഇത് കനത്ത തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന കാറ്റ് നേരിടാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
വെള്ളപ്പൊക്കം ബാധിച്ച മേഖലകളില്‍ വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കരുതെന്ന് ഇഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം എലികള്‍ പുറത്തുചാടി കൂടുതല്‍ വിനാശം സൃഷ്ടിക്കാന്‍ ഇടയുണ്ടെന്ന് നാഷണല്‍ പെസ്റ്റ് ടെക്‌നീഷ്യന്‍സ് അസോസിയേഷനും വ്യക്തമാക്കി.