ഒരു രാജ്യത്തെ ആരോഗ്യ സേവനം ഒരു രോഗിയുടെ പോലും ജീവന്‍ അനാവശ്യമായി നഷ്ടമാകുന്നില്ലെന്ന് ഉറപ്പിക്കാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ ബ്രിട്ടന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് അഥവാ എന്‍എച്ച്എസ് ഇക്കാര്യത്തില്‍ വിപരീതദിശയിലാണ് സഞ്ചരിക്കുന്നത്. ഇംഗ്ലണ്ടില്‍ സ്‌ട്രോക്ക് നേരിടുന്ന രോഗികളെ ഗുരുതരമായ വൈകല്യങ്ങളും, മരണവും ബാധിക്കാതെ രക്ഷപ്പെടുത്താന്‍ സഹായിക്കുന്ന ചികിത്സയാണ് ഭൂരിഭാഗം സ്‌ട്രോക്ക് രോഗികള്‍ക്കും നിഷേധിക്കപ്പെടുന്നതെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തി.
മെക്കാനിക്കല്‍ ത്രോംബെക്ടമി എന്ന് അറിയപ്പെടുന്ന ചികിത്സയില്‍ ഒരു വയറും, സ്റ്റെന്റും തലച്ചോറിന് നേര്‍ക്ക് കടത്തിവിട്ട് രക്തമൊഴുക്ക് തടയുന്ന ക്ലോട്ടിനെ ഒഴിവാക്കുകയാണ് ചെയ്യുക. ഇത് 10% സ്‌ട്രോക്ക് രോഗികളെയെങ്കിലും സഹായിക്കുകയും ചെയ്യും. സ്‌ട്രോക്കിന്റെ പ്രത്യാഘാതങ്ങള്‍ കുറച്ച് അടുത്ത ദിവസം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യാനും സാധിക്കും.
എന്നാല്‍ കിംഗ്‌സ് കോളേജ് ലണ്ടനിലെ സെന്റിനെല്‍ സ്‌ട്രോക്ക് നാഷണല്‍ ഓഡിറ്റ് പ്രോഗ്രാം പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസങ്ങളില്‍ ഇംഗ്ലണ്ടിലെ കേവലം 4.3% സ്‌ട്രോക്ക് രോഗികള്‍ക്ക് മാത്രമാണ് ഈ ചികിത്സ ലഭ്യമാക്കിയതെന്നാണ് വ്യക്തമാകുന്നത്. ഈ ജീവന്‍ രക്ഷാ ചികിത്സ വ്യാപകമാക്കാന്‍ എന്‍എച്ച്എസ് ശ്രമിക്കുന്നതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ സ്റ്റീഫന്‍ പോവിസ് പറയുന്നു. മഹാമാരി മൂലം പിന്നിലായി പോയ ചികിത്സാ സേവനങ്ങള്‍ക്ക് പുറമെ ജോലിക്കാരുടെ ക്ഷാമവും, ഉപകരണങ്ങളുടെ അഭാവവും പ്രശ്‌നമാണെന്ന് അദ്ദേഹം സമ്മതിക്കുന്നു.