വീടുകളും, ബിസിനസ്സുകളും വെള്ളപ്പൊക്കത്തില്‍ പെട്ടതിന് ശേഷം കൂടുതല്‍ ദുരിതം വിതയ്ക്കാന്‍ ശക്തമായ മഴയും, കനത്ത കാറ്റും ബ്രിട്ടനിലേക്ക് തേടിയെത്തുന്നു. കാറ്റിനും, മഴയ്ക്കുമുള്ള രണ്ട് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഈയാഴ്ച ആദ്യം ശക്തമായി മഴ പെയ്ത മേഖലകളില്‍ വീണ്ടും കാലാവസ്ഥ മോശമാകുന്നത് തിരിച്ചടിയാകും.
മെറ്റ് ഓഫീസ് മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചതോടെ ശക്തമായ മഴയില്‍ കൂടുതല്‍ യാത്രാ ദുരിതവും, വെള്ളപ്പൊക്കവും നേരിടുമെന്ന് ഉറപ്പായി. സതേണ്‍ ഇംഗ്ലണ്ടിലും, സൗത്ത് വെയില്‍സിലും ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ തിങ്കളാഴ്ച രാവിലെ 9 വരെ മുന്നറിയിപ്പ് നിലവിലുണ്ടാകും.
മുന്നറിയിപ്പുള്ള മേഖലകളില്‍ 20 എംഎം മുതല്‍ 30 എംഎം വരെ മഴ പെയ്യാനാണ് സാധ്യത. ഞായറാഴ്ച ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ മണിക്കൂറില്‍ ഈ മഴ പെയ്യാം. ഉയര്‍ന്ന പ്രദേശങ്ങളിലെ ചില ഭാഗങ്ങളില്‍ 50 എംഎം മുതല്‍ 80 എംഎം വരെ മഴയ്ക്കും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് പറഞ്ഞു.
മഴ അത്രകണ്ട് ശക്തമാകില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ മൂലം നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതും, ഭൂമി ഈര്‍പ്പം നിറഞ്ഞ് കിടക്കുന്നതുമായതിനാല്‍ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. 44 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി പുറപ്പെടുവിച്ചിരിക്കുന്നത്. കൂടാതെ ഇംഗ്ലണ്ടില്‍ 84 വെള്ളപ്പൊക്ക അലേര്‍ട്ടുകളും നല്‍കിയിട്ടുണ്ട്.