ഇംഗ്ലീഷ് ഭാഷ വശമില്ലാത്ത ചില നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും ഭയന്ന് ബ്രിട്ടനിലെ പെന്‍ഷന്‍കാര്‍ എന്‍എച്ച്എസ് ഉപയോഗിക്കാന്‍ ഭയപ്പെടുന്നതായി ആരോപണം. ഹെല്‍ത്ത് സര്‍വ്വീസിലെ ഭാഷാ പ്രാവീണ്യം പരിശോധിക്കാനുള്ള നിലവാരത്തിലെ തകര്‍ച്ചയാണ് ഈ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് മുന്‍ ആരോഗ്യ മന്ത്രി കൂടിയായ ടോറി എംപി നീല്‍ ഒ'ബ്രയാന്റെ പരാതി.
ഇത് രോഗികളെ അപകടത്തില്‍ പെടുത്തുകയും, സുപ്രധാനമായ ചികിത്സകള്‍ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുകതയും ചെയ്യുമെന്നാണ് ഒ'ബ്രയാന്റെ വാദം. ചില കുടിയേറ്റക്കാര്‍ രാജ്യത്തിന്റെ രീതികളുമായി പൊരുത്തപ്പെടാന്‍ പരാജയപ്പെടുന്നു. രാജ്യത്തിന്റെ ഐഡന്റിറ്റി സൂക്ഷിക്കുന്നതിലെ പ്രധാന ഘടകം ഇംഗ്ലീഷ് ഭാഷയാണെന്നും ടോറി എംപി പറയുന്നു.
കുടിയേറ്റക്കാരെ കൂടുതല്‍ സ്വീകരിക്കുന്നതിനായി സംസ്‌കാരത്തില്‍ വെള്ളം ചേര്‍ക്കുന്നതിന് പകരം നിലപാട് ശക്തമാക്കുകയാണ് വേണ്ടതെന്ന് പാര്‍ട്ടി ആനുവല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായുള്ള പരിപാടിയില്‍ സംസാരിക്കവെ സീനിയര്‍ കണ്‍സര്‍വേറ്റീവ് എംപി ആവശ്യപ്പെട്ടു. ഇംഗ്ലീഷ് ഭാഷ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
"എന്‍എച്ച്എസില്‍ പല പ്രശ്‌നങ്ങളുമുണ്ട്. എന്റെ മണ്ഡലത്തിലെ പ്രായമായവര്‍ എന്‍എച്ച്എസില്‍ പോകാന്‍ മടിക്കുകയാണ്. ഒരു നഴ്‌സ് മികച്ച സേവനം നല്‍കുമ്പോഴും പറയുന്നത് മനസ്സിലാക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഡോക്ടര്‍മാരില്‍ ചിലരും ഈ വിധത്തിലാണ്. രോഗികള്‍ പറയുന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നത് എത്ര അപകടകരമാണ്?", ടോറി എംപി ചോദിക്കുന്നു.