സുഖകരമായ വേനല്‍ക്കാലത്തിന് ഏറെക്കുറെ കര്‍ട്ടന്‍ വീണുകഴിഞ്ഞു. ഇനി ശൈത്യകാലത്തിന്റെ വരവാണ്. അടുത്ത ആഴ്ചയോടെ പുതിയ സീസണിന്റെ വരവറിയിച്ച് മഞ്ഞ് പെയ്ത് തുടങ്ങാനുള്ള സാധ്യതകളാണ് ഇപ്പോള്‍ മെറ്റ് ഓഫീസ് പങ്കുവെയ്ക്കുന്നത്. കിര്‍ക്ക് കൊടുങ്കാറ്റ് എത്തിക്കുന്ന കാലാവസ്ഥാ മാറ്റമാണ് മഞ്ഞിന് വഴിമാറുക.
അടുത്ത ആഴ്ച അവസാനത്തോടെ തന്നെ സ്‌കോട്ടിഷ് മലനിരകളില്‍ വെള്ളപുതച്ച് തുടങ്ങുമെന്നാണ് മെറ്റ് ഓഫീസിന്റെ ദീര്‍ഘകാല പ്രവചനത്തില്‍ വ്യക്തമാക്കുന്നത്. എന്നിരുന്നാലും മഞ്ഞുമനുഷ്യനെ സൃഷ്ടിക്കാന്‍ പാകത്തിന് അത്ര ശക്തമായ തോതിലേക്ക് എത്തുകയുമില്ല.
അതേസമയം മഞ്ഞ് മാത്രമായി വരുന്നില്ലെന്നതും പ്രശ്‌നമാണ്. അതിശക്തമായ മഴയും, കനത്ത കാറ്റും ബ്രിട്ടന്റെ ഭൂരിഭാഗം മേഖലകളിലും തകര്‍ത്താടും. അതിന് ശേഷമാകും മഞ്ഞിന്റെ വരവ്. സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഈ മഴ കൂടുതല്‍ തണുപ്പേറിയതായി മാറുമെന്നും മെറ്റ് ഓഫീസ് പറയുന്നു.
അടുത്ത വീക്കെന്‍ഡ് ആകുന്നതോടെ ശൈത്യകാല കാലാവസ്ഥ സൗത്ത് ഭാഗങ്ങളിലേക്ക് എത്തും. ഈ ഭാഗങ്ങളില്‍ തണുപ്പേറുമെങ്കിലും ഇവിടെ മഞ്ഞ് പെയ്യുമെന്ന് പ്രവചനമില്ല. എന്നാല്‍ മഴയും, കാറ്റും എത്തിച്ചേരാനും സാധ്യതയുണ്ട്. ഈയാഴ്ച ആദ്യം ബ്രിട്ടന്റെ പല ഭാഗത്തും ശക്തമായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം രൂപപ്പെട്ടിരുന്നു. 64 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് ഇംഗ്ലണ്ടില്‍ എന്‍വയോണ്‍മെന്റ് ഏജന്‍സി നല്‍കിയത്.
മോശം കാലാവസ്ഥയ്ക്ക് ഇനിയും ശമനം കാണില്ലെന്നാണ് മെറ്റ് ഓഫീസിന്റെ പുതിയ പ്രവചനം ഉറപ്പിക്കുന്നത്. വീക്കെന്‍ഡിലും, അടുത്ത ആഴ്ചയിലേക്കും അസ്ഥിരമായ കാലാവസ്ഥയാണ് നേരിടുകയെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.