ബ്രിട്ടന്റെ കാലാവസ്ഥ കൂടുതല്‍ മോശമാക്കാന്‍ കിര്‍ക്ക് കൊടുങ്കാറ്റ് എത്തിച്ചേരുമ്പോള്‍ അതിശക്തമായ മഴയ്ക്ക് പുറമെ ബുദ്ധിമുട്ടിപ്പിക്കുന്ന കാറ്റും അടുത്ത ആഴ്ച പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വകുപ്പ്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാറ്റഗറി 4 കൊടുങ്കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇത് നേരിട്ട് ബ്രിട്ടനിലേക്ക് എത്തില്ലെങ്കിലും കാലാവസ്ഥാ മോശമാക്കാന്‍ ഈ വ്യതിയാനം വഴിയൊരുക്കും. അടുത്ത ആഴ്ചയോടെ രാജ്യത്തെ താപനില താഴ്ത്താനും ഇത് കാരണമാകും.
ശക്തമായ കാറ്റും, മഴയും നേരിടുന്ന ഭാഗങ്ങളെ വ്യക്തമാക്കുന്ന ഭൂപടം മെറ്റ് ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ചില ഭാഗങ്ങളിലാണ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയും, കാറ്റും നേരിടേണ്ടി വരിക. കൊടുങ്കാറ്റ് നാശം വിതയ്ക്കുന്ന യഥാര്‍ത്ഥ ട്രാക്കും, സമയവും ഇനിയും കണക്കാക്കിയിട്ടില്ല. എന്നിരുന്നാലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇത് എത്തിച്ചേരുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
അതേസമയം കൊടുങ്കാറ്റിന് അതിവേഗത്തില്‍ ശക്തി നഷ്ടപ്പെടുമെന്നതിനാല്‍ ദുരിതമേറില്ല. ഒരു ട്രോപ്പിക്കല്‍ സൈക്ലോണായി മാറുന്ന കിര്‍ക്ക് യുകെയില്‍ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ശേഷം ഒതുങ്ങും. യുകെയില്‍ ആദ്യത്തെ മഞ്ഞിനും അടുത്ത ആഴ്ച തുടക്കം സൃഷ്ടിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. സ്‌കോട്ടിഷ് മലനിരകളിലാണ് ഇത് ആദ്യം എത്തുക. എന്നാല്‍ ഇത് ശക്തമാകില്ലെന്നും സൂചനയില്‍ പറയുന്നു.
സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ മഞ്ഞ് പെയ്യാന്‍ ഇടയില്ലെങ്കിലും താപനില താഴും. കാറ്റും, മഴയും ഇതോടൊപ്പം ചേരുന്നതിനാല്‍ കാലാവസ്ഥ തണുപ്പ് നിറഞ്ഞതായി മാറുകയും ചെയ്യും. ശനിയാഴ്ച ഇംഗ്ലണ്ടിലും, വെയില്‍സിലും താരതമ്യേന മെച്ചപ്പെട്ട നിലയിലായിരിക്കും. നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങളിലുമാണ് അസ്ഥിരമായ കാലാവസ്ഥ നേരിടുക.