ജോലിയില്‍ ആദ്യ ദിനം മുതല്‍ തന്നെ സിക്ക് പേ ലഭിക്കാന്‍ ജോലിക്കാര്‍ക്ക് അവകാശം നല്‍കുന്ന പുതിയ നിയമങ്ങള്‍ പാസാക്കാന്‍ ലേബര്‍ ഗവണ്‍മെന്റ്. വ്യാഴാഴ്ച പ്രസിദ്ധീകരിക്കുന്ന പുതിയ മാറ്റങ്ങളിലൂടെ ഏഴ് മില്ല്യണിലേറെ ജനങ്ങള്‍ക്ക് ഈ അവകാശം നല്‍കാമെന്നാണ് ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ രോഗത്തിന്റെ നാലാം ദിനം മുതലാണ് സിക്ക് പേ നേടാന്‍ അനുമതിയുള്ളത്. ഇത് തിരുത്തിയുള്ള എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍ അവതരിപ്പിക്കാനാണ് ലേബര്‍ നീക്കം. ഒരു തലമുറ കണ്ട ഏറ്റവും വലിയ നീക്കമെന്നാണ് ലേബര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
ഇതിന് പുറമെ പ്രൊബേഷന്‍ പിരീഡും കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പ്രൊബേഷന്‍ കാലാവധി രണ്ട് വര്‍ഷം വരെ നീളുന്നതാണ്. ഇത് ആറ് മാസമായി കുറയ്ക്കാനാണ് നടപടി വരിക. കൂടാതെ ജോലിയില്‍ ആദ്യ ദിവസം തന്നെ മാന്യമല്ലാത്ത രീതിയില്‍ പുറത്താക്കുന്നതില്‍ നിന്നും സംരക്ഷണം നല്‍കും.
സ്ത്രീകള്‍ക്ക് മറ്റേണിറ്റി പേ ആറ് മാസത്തിന് പകരം ആദ്യ ദിനം മുതല്‍ തന്നെ അപേക്ഷിക്കാന്‍ സാധിക്കുന്ന മാറ്റവും ഇതോടൊപ്പം വരുന്നുണ്ട്. പുതിയ അമ്മമാരെ അനാവശ്യമായി പുറത്താക്കുന്നതില്‍ നിന്നും സംരക്ഷണം നല്‍കുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ സിക്ക് പേ നല്‍കുന്നതിലൂടെ നഷ്ടമാകുന്ന തുക ചെറുകിട ബിസിനസ്സുകള്‍ക്ക് നഷ്ടപരിഹാരമായി ഗവണ്‍മെന്റ് നല്‍കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. ഇതിന് പകരം ചില ഇളവുകള്‍ നല്‍കുമെന്നാണ് വാദം.