നോര്‍ത്ത് യോര്‍ക്ക്ഷയറിലെ മാള്‍ട്ടണില്‍ നിന്നും കാണാതായ കെയര്‍ ഹോം നഴ്‌സിനായുള്ള തെരച്ചില്‍ ഒരാഴ്ച പിന്നിടുമ്പോഴും ഫലമില്ലാതെ വന്നതോടെ ആശങ്ക വര്‍ദ്ധിക്കുന്നു. ശക്തമായ മഴയ്ക്കുള്ള സാധ്യത തെളിഞ്ഞതോടെയാണ് ആശങ്ക ഉയരുന്നത്.
ഒരു കുട്ടിയുടെ അമ്മയായ വിക്ടോറിയ ടെയ്‌ലറെയാണ് കഴിഞ്ഞ തിങ്കളാഴ്ച മാള്‍ട്ടണിലെ വീട്ടില്‍ കണ്ടതിന് ശേഷം അപ്രത്യക്ഷമായത്. ഒരാഴ്ചയോളമായി നടത്തിയ തെരച്ചിലിലും ഫലമില്ലാതെ വന്നത് കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും ഭയപ്പാട് സൃഷ്ടിക്കുകയാണ്.
34-കാരിയായ കെയര്‍ ഹോം നഴ്‌സിനെ കണ്ടെത്താന്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. പോലീസും, പ്രദേശവാസികളും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. തെരച്ചിലിനിടെ യുവതിയുടെ ചില വസ്തുക്കള്‍ ഡെര്‍വെന്റ് നദിക്ക് സമീപം കണ്ടെത്തിയിരുന്നു. അതിനാല്‍ ഇവിടെയാണ് രക്ഷാപ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.
എന്നാല്‍ ഈയാഴ്ച മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ വിക്ടോറിയയെ കണ്ടെത്താന്‍ തെരച്ചില്‍ സംഘം കഠിനമായി പരിശ്രമിക്കുകയാണ്. വേഗത്തില്‍ ഒഴുകുന്ന നദി മഴ ശക്തമായാല്‍ കുത്തിയൊലിക്കും, ഇതോടെ തെരച്ചില്‍ ദുഷ്‌കരവുമാകും.
മഴ വര്‍ദ്ധിച്ചാല്‍ ജലനിരപ്പ് ഉയരുന്നത് തെരച്ചിലിനെ ബാധിക്കുമെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച രാവിലെ നോര്‍ട്ടണ്‍ ഹൈവ് ലൈബ്രറിക്ക് സമീപത്തേക്ക് വിക്ടോറിയ നടന്നുപോകുന്നത് കണ്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. നോര്‍ട്ടണില്‍ ബിപി ഗ്യാരേജിലെ മാര്‍ക്ക്‌സ് & സ്‌പെന്‍സറില്‍ നിന്നും ശീതളപാനീയം വാങ്ങുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ഇതിന് ശേഷം വിക്ടോറിയ എവിടെ പോയെന്ന് ഒരു വിവരവുമില്ല. ഇതിനിടെയാണ് ഡെര്‍വെന്റ് നദിക്ക് സമീപം നഴ്‌സിന്റെ ചില വസ്തുക്കള്‍ കണ്ടെത്തിയത്. ഇവരെ കണ്ടെത്താനുള്ള വിവരങ്ങള്‍ ലഭിക്കാനായി പ്രദേശവാസികള്‍ ആരംഭിച്ച ഫേസ്ബുക്ക് ഗ്രൂപ്പില്‍ യുവതിയുടെ മാനസിക ആരോഗ്യത്തെ കുറിച്ചും, പങ്കാളി മാത്യൂ വില്യംസുമായുള്ള ജീവിതത്തെ കുറിച്ചുമാണ് ചോദ്യങ്ങള്‍ ഉയരുന്നത്.