മാര്‍ഗററ്റ് താച്ചറുടെ ചരിത്രപ്രാധാന്യമുള്ള റൈറ്റ് ടു ബൈ സ്‌കീം വരുന്ന ബജറ്റില്‍ വെട്ടിനിരത്തുമെന്ന് സ്ഥിരീകരിച്ച് ട്രഷറി. നിലവിലുള്ള സ്‌റ്റോക്ക് സംരക്ഷിക്കാനും, സോഷ്യല്‍ ഹൗസിംഗ് ബൂം സൃഷ്ടിക്കാനും ഈ വെട്ടിക്കുറയ്ക്കലുകള്‍ അനിവാര്യമാണെന്ന് ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ പറയുന്നു. പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതിന് മുന്‍പ് സ്വന്തം കൗണ്‍സില്‍ ഭവനം വാങ്ങാനായി സ്‌കീം പ്രകാരമുള്ള ആനുകൂല്യം ഉപയോഗിച്ച വ്യക്തിയാണ് റെയ്‌നര്‍.
സോഷ്യല്‍ ഹൗസിംഗ് വാടകക്കാര്‍ക്ക് ലഭ്യമാക്കുന്ന ഡിസ്‌കൗണ്ട് പരമാവധി 70 ശതമാനം എന്നത് വെട്ടിക്കുറച്ച് കേവലം 25 ശതമാനമാക്കി ചുരുക്കാനാണ് റെയ്‌നറുടെ പദ്ധതി. കൂടാതെ റൈറ്റ് ടു ബൈ അവകാശം ലഭിക്കാന്‍ കൗണ്‍സില്‍ ഹോമില്‍ ഒരു ദശകം വരെയെങ്കിലും വാടകയ്ക്ക് താമസിച്ചിരിക്കണം. നിലവില്‍ ഇത് മൂന്ന് വര്‍ഷം മാത്രമാണ്. ഈ പരിധി മൂന്നിരട്ടി ഉയര്‍ത്താനാണ് നീക്കം.
ഇതിന് പുറമെ പുതുതായി നിര്‍മ്മിക്കുന്ന കൗണ്‍സില്‍ ഭവനങ്ങള്‍ക്ക് മേല്‍ റൈറ്റ് ടു ബൈ സ്‌കീം സസ്‌പെന്‍ഡ് ചെയ്യാനും റെയ്‌നര്‍ ആലോചിക്കുന്നു. ഹൗസിംഗ് വിപണിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആയിരക്കണക്കിന് പൗണ്ട് അധിക ചെലവ് വരുത്തുന്നതാണ് ഈ പദ്ധതികള്‍. ഇതുമൂലം പലരും വീട് സ്വന്തമാക്കാന്‍ കഴിയാതെ വാടകയ്ക്ക് കഴിയാന്‍ നിര്‍ബന്ധിതമാകും.
എന്നാല്‍ ഈ മാറ്റങ്ങളിലൂടെ റൈറ്റ് ടു ബൈ സ്‌കീം കൂടുതല്‍ മാന്യവും, സ്ഥിരതയും കൈവരിക്കുമെന്ന് ട്രഷറി അവകാശപ്പെടുന്നു. വില്‍പ്പനയിലൂടെ ലഭിക്കുന്ന തുകയുടെ 100 ശതമാനവും കൗണ്‍സിലുകള്‍ക്ക് ലഭിക്കുകയും, ഇവര്‍ക്ക് ഇത് പുതിയ ഭവനങ്ങളുടെ നിര്‍മ്മാണത്തിനായി വിനിയോഗിക്കുകയും ചെയ്യാം.