പണപ്പെരുപ്പത്തെ മറികടന്നുള്ള മിനിമം വേജ് വര്‍ദ്ധനയ്ക്ക് കളമൊരുക്കുന്ന പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ബിസിനസ്സുകള്‍ക്ക് ആഘാതം സൃഷ്ടിക്കുമെങ്കിലും ജോലിക്കാര്‍ക്ക് ആഹ്ലാദമേകുന്നതാണ് നീക്കം. 'പുതിയ ലിവിംഗ് വേജ്' എന്ന നിലയില്‍ റീബ്രാന്‍ഡ് ചെയ്യാനാണ് ചാന്‍സലര്‍ ബജറ്റ് ഉപയോഗിക്കുകയെന്ന് ഗവണ്‍മെന്റ് ശ്രോതസ്സുകള്‍ വ്യക്തമാക്കി.
എംപ്ലോയേഴ്‌സ് നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിക്കുന്നതിന് പുറമെ മിനിമം വേജ് ഉയര്‍ത്തുന്നത് ബിസിനസ്സുകള്‍ക്ക് ആഘാതമാകുമെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ബജറ്റ് പ്രഖ്യാപനം ഉണ്ടായാല്‍ ഇത് സ്ഥാപനങ്ങളുടെ ഹയറിംഗ് നടപടിക്രമങ്ങള്‍ വൈകിപ്പിക്കാനും, റദ്ദാക്കാനും വരെ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുന്നു.
ബ്രിട്ടന്റെ സുദീര്‍ഘമായ വളര്‍ച്ചാ പദ്ധതി മാറ്റുന്നതാണ് ബജറ്റ് പദ്ധതികളെന്ന് കീര്‍ സ്റ്റാര്‍മര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. സാമ്പത്തിക മേഖലയുടെ യാഥാര്‍ത്ഥ്യം തിരിച്ചറിയാനുള്ള സമയം കൂടിയാണിതെന്നാണ് വമ്പന്‍ നികുതി വര്‍ദ്ധനവുകളെ കുറിച്ച് പ്രധാനമന്ത്രി പറയുന്ന ന്യായം. കര്‍ശനമായ തീരുമാനങ്ങളിലേക്ക് നീങ്ങേണ്ടി വരും, ഇത് ഒഴിവാക്കുന്നത് തകര്‍ച്ചയുടെ പാത തെരഞ്ഞെടുക്കലാകും, പ്രധാനമന്ത്രി ഓര്‍മ്മിപ്പിക്കുന്നു.
എന്നാല്‍ നികുതി വര്‍ദ്ധനവുകള്‍ ബിസിനസ്സുകളെ സാരമായി ബാധിക്കുമെന്ന് വിമര്‍ശനം നേരിടുകയാണ് സ്റ്റാര്‍മര്‍. ഇത് ജോലികളെയും, വളര്‍ച്ചയെയും തിരിച്ചടിക്കുമെന്നാണ് സ്ഥാപനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.