വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിട്ട് 3 മാസം തികയുമ്പോള്‍ പുനരധിവാസത്തിനായി സമരത്തിനിറങ്ങുകയാണ് ദുരന്തബാധിതര്‍. ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ ഇന്ന് വയനാട് കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
പുനരധിവാസം വൈകുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് ഒരു വിഭാഗം പ്രതിഷേധിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായി 3 മാസം പൂര്‍ത്തിയാകുമ്പോഴാണ് ദുരന്തബാധിതര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. അതേസമയം ഇതിനിടെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
വയനാടിന് നല്‍കുന്ന സഹായത്തില്‍ തീരുമാനം അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. വയനാട് ദുരന്ത ബാധിതര്‍ക്ക് മാത്രമായി പ്രത്യേക കേന്ദ്ര പാക്കേജ് വേണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.