17 മാസം മുന്‍പാണ് ഗബ്രിയേല്‍ സെബാസ്റ്റിയന്‍ ഈ ഭൂമുഖത്ത് വന്നുപിറന്നത്. എന്നാല്‍ അപൂര്‍വ്വ ജനിതക തകരാറുമായി പിറന്നതിനാല്‍ ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങാന്‍ ഈ കുഞ്ഞിന് സാധിച്ചിട്ടില്ല. അതുപോലെ അവനരികില്‍ നിന്നും മാറാന്‍ മാതാപിതാക്കള്‍ക്കും സാധിച്ചിട്ടില്ല.
ഈ മലയാളി കുടുംബത്തിന് ഇപ്പോള്‍ എഡിന്‍ബര്‍ഗ് ആശുപത്രി ഒരു വീടാണ്. ഇവര്‍ക്കായി ഒരു മുറി തന്നെ ആശുപത്രിയിലുണ്ട്. മലയാളികളായ ടീനാ തോമസ്, സെബാസ്റ്റിയന്‍ പോള്‍ ദമ്പതികളുടെ കുഞ്ഞാണ് ഗബ്രിയേല്‍. ഇപ്പോള്‍ ആശുപത്രിയില്‍ രണ്ടാമത്തെ ക്രിസ്മസ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.
ടീന അഞ്ച് മാസം ഗര്‍ഭിണിയായി ഇരിക്കവെ നടക്കിയ സ്‌കാനിലാണ് ഗബ്രിയേലിന്റെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ആദ്യ സൂചന ലഭിച്ചത്. കുഞ്ഞിന്റെ എല്ലുകളും, നട്ടെല്ലും ശരിയായ രൂപപ്പെടാതെ, കാലും, കൈയും വളരെ മെലിഞ്ഞ അവസ്ഥയിലായിരുന്നു. പിറന്നാല്‍ തന്നെ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ഗര്‍ഭം അലസിപ്പിക്കുന്നതിനെ കുറിച്ചും ചോദ്യം ഉയര്‍ന്നു.
എന്നാല്‍ വയറില്‍ കിടന്ന് അനങ്ങുന്ന കുഞ്ഞിനെ ഇല്ലാതാക്കാന്‍ ആ മാതാപിതാക്കള്‍ക്ക് തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല. 'എങ്ങനെയാണ് അവന് വേണ്ടി പോരാടാതിരിക്കാന്‍ കഴിയുക?', ടീന ബിബിസി സ്‌കോട്ട്‌ലണ്ട് ന്യൂസിനോട് പറഞ്ഞു. ടെസ്റ്റുകളില്‍ ജനിതക പ്രശ്‌നമായ സ്‌പോണ്ടിലോഎപിമെറ്റഫിസില്‍ ഡിസ്പ്ലാസിയ ആണെന്ന് തിരിച്ചറിഞ്ഞു. 2023 ജൂണ്‍ 2ന് കുഞ്ഞ് പിറന്നു.
അതിന് ശേഷം എഡിന്‍ബര്‍ഗിലെ റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രന്‍ & യംഗ് പീപ്പിൡ നിന്നും ഇവര്‍ക്ക് പുറത്തുവരാന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രിയില്‍ രക്ഷിതാക്കളുടെ താമസത്തിനായി റൊണാള്‍ഡ് മക്ക്‌ഡൊണാള്‍ഡ് ഹൗസ് ചാരിറ്റീസാണ് മുറി നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ സ്‌കാനുകളും, എക്‌സ്‌റേകളും, സര്‍ജറികളും പതിവായി മാറിയിരിക്കുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ കഴിയുമോയെന്ന ചോദ്യത്തിന് ഡോക്ടര്‍മാര്‍ക്ക് ഉത്തരവുമില്ല.
ഇതിനിടയില്‍ ശാസ്ത്രജ്ഞയായ ടീനയും, എഞ്ചിനീയറായ സെബാസ്റ്റ്യനും അവരുടെ ജോലികളിലേക്കും മടങ്ങി. ഒരാളെങ്കിലും എപ്പോഴും കുഞ്ഞിന് അരികിലുണ്ടാകുന്ന വിധത്തില്‍ ജോലി സമയം ക്രമപ്പെടുത്തി. 366 ദിവസങ്ങള്‍ക്ക് ശേഷം ആദ്യ പിറന്നാള്‍ ദിനത്തിലാണ് കുഞ്ഞിന്റെ മുഖത്ത് ആദ്യമായി വെയില്‍ പതിച്ചത്. ഇക്കുറി ക്രിസ്മസിനും ഗബ്രിയേലിന് വീട്ടില്‍ പോകാന്‍ കഴിയില്ലെന്ന് റോമന്‍ കത്തോലിക്കാ വിശ്വാസികളായ ദമ്പതികളെ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
അതിനാല്‍ ഇക്കുറി ക്രിസ്മസ് ആഘോഷങ്ങള്‍ ആശുപത്രിയിലാണ്. ആശുപത്രിയിലെ ക്രിസ്മസ് ലൈറ്റുകള്‍ ഓണാക്കാന്‍ കുടുംബത്തെയാണ് വിളിച്ചിട്ടുള്ളത്. ഗബ്രിയേലിന്റെ ഭാവി ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്.