കടുത്ത വിവാദങ്ങള്‍ ഉയര്‍ത്തി കൊണ്ട് ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച ട്യൂഷന്‍ ഫീസ് വര്‍ദ്ധനവ് തങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്ന് യൂണിവേഴ്‌സിറ്റി മേധാവികളുടെ മുന്നറിയിപ്പ്. കൂടുതല്‍ ഫീസ് വര്‍ദ്ധനവുകള്‍ ഇതിനായി ഉപയോഗിക്കേണ്ടി വരുമെന്നാണ് മേധാവികള്‍ നല്‍കുന്ന സൂചന.
തിങ്കളാഴ്ചയാണ് എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍ എട്ട് വര്‍ഷത്തിനിടെ ആദ്യമായുള്ള ഫീസ് വര്‍ദ്ധന പ്രഖ്യാപിച്ചത്. 9250 പൗണ്ടായിരുന്ന സ്വദേശി വിദ്യാര്‍ത്ഥികളുടെ ഫീസ് 9535 പൗണ്ടായാണ് വര്‍ദ്ധിപ്പിച്ചത്. വിദേശ വിദ്യാര്‍ത്ഥികളുടെ വമ്പന്‍ ഫീസിനെ ആശ്രയിച്ചിരുന്ന യൂണിവേഴ്‌സിറ്റികള്‍ക്ക് വിസ നിയന്ത്രണങ്ങള്‍ വന്നതോടെ ഈ പണം നഷ്ടമായതാണ് ഫീസ് വര്‍ദ്ധനയിലേക്ക് നയിച്ചത്.
എന്നാല്‍ ഇപ്പോഴത്തെ ഫീസ് വര്‍ദ്ധനവ് കൊണ്ട് കാര്യമില്ലെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ച നടപടി തങ്ങള്‍ക്ക് അധിക ചെലവ് ചുമത്തുന്നതായി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
'പ്രതിസന്ധി വേഗത്തില്‍ കൈവിട്ട് പോകുന്നത് തടയാമെങ്കിലും സാമ്പത്തിക സമ്മര്‍ദങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാകുന്നില്ല. നാഷണല്‍ ഇന്‍ഷുറന്‍ എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷനാണ് ഇതില്‍ പ്രധാന കാരണം'. റീഡിംഗ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. റോബര്‍ട്ട് വാന്‍ ഡെ നൂര്‍ട്ട് ചൂണ്ടിക്കാണിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന തങ്ങളുടെ സ്ഥാപനത്തിന് 4 മില്ല്യണ്‍ പൗണ്ടിന്റെ അധിക ചെലവാണ് വരുത്തുന്നതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് വൈസ് ചാന്‍സലര്‍ സ്റ്റീവ് വെസ്റ്റ് വ്യക്തമാക്കി.