ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പലിശ നിരക്ക് കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. വിപണിയുടെ പ്രതീക്ഷയ്ക്ക് ഒപ്പം ബേസ് റേറ്റ് 4.75 ശതമാനമായി കുറയ്ക്കാന്‍ കേന്ദ്ര ബാങ്കിന്റെ മോണിറ്റി പോളിസി കമ്മിറ്റി തയ്യാറായി. എന്നിരുന്നാലും റേച്ചല്‍ റീവ്‌സിന്റെ പ്രഥമ ബജറ്റ് രാജ്യത്തെ പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴിയൊരുക്കുമെന്ന് ബാങ്ക് പ്രവചിക്കുന്നു.
അടുത്ത രണ്ട് വര്‍ഷക്കാലത്ത് അര ശതമാനം പോയിന്റെങ്കിലും പണപ്പെരുപ്പം വര്‍ദ്ധിക്കാന്‍ ബജറ്റ് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ മുന്‍പ് പ്രതീക്ഷിച്ച വേഗത്തിലൊന്നും പലിശ നിരക്ക് കുറയില്ലെന്നാണ് സൂചന. 2027 ആദ്യ പാദത്തില്‍ മാത്രമാകും പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തില്‍ സ്ഥായിയായി നില്‍ക്കുകയെന്നും കരുതുന്നു.
അതേസമയം റേച്ചല്‍ റീവ്‌സിന്റെ നികുതി, കടമെടുപ്പ് ചെലവുകളുടെ 70 ബില്ല്യണ്‍ പൗണ്ട് പാക്കേജ് വിലക്കയറ്റം വര്‍ദ്ധിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്ന് മോണിറ്ററി പോളിസി റിപ്പോര്‍ട്ട് കണ്ടെത്തി. ഇതിന് പുറമെ അടുത്ത വര്‍ഷം ജിഡിപി വളര്‍ച്ചയില്‍ മൂന്ന് ക്വാര്‍ട്ടര്‍ പോയിന്റ് വര്‍ദ്ധനവും സമ്മാനിക്കും.
പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തില്‍ താഴെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പലിശ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞതെന്ന് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കി. പണപ്പെരുപ്പം ഈ നിലയില്‍ തന്നെ തുടരുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനാല്‍ വളരെ വേഗത്തില്‍ പലിശ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ കഴിയില്ല. എന്നിരുന്നാലും സമ്പദ് വ്യവസ്ഥ പ്രതീക്ഷിക്കുന്ന തോതില്‍ പരുവപ്പെട്ട് വന്നാല്‍ പലിശ നിരക്ക് ഘട്ടംഘട്ടമായി കുറയ്ക്കാന്‍ കഴിയും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രൈവറ്റ് സ്‌കൂള്‍ ഫീസിലെ വാറ്റ്, ബസ് ഫെയര്‍ ക്യാപ്പ് 3 പൗണ്ടിലേക്ക് ഉയര്‍ത്തിയ നടപടി, എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് 15 ശതമാനമാക്കിയത് എന്നിങ്ങനെ ബജറ്റില്‍ റീവ്‌സ് പ്രഖ്യാപിച്ച പല നടപടികളും വിലക്കയറ്റത്തിന് വഴിയൊരുക്കുമെന്നാണ് ബാങ്ക് പ്രവചനം.