5000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള വിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍. രാഹുലിനെ പരാജയപ്പെടുത്താന്‍ യുഡിഎഫ് പ്രവര്‍ത്തകരും അനുഭാവികളും തന്നെ ശ്രമിച്ചെന്നും, അത്തരത്തിലുള്ളവരുടെ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചെന്നും കൃഷ്ണകുമാര്‍ അവകാശപ്പെട്ടു.
ബിജെപിയുടെ ശക്തികേന്ദ്രമായ നഗരപരിധിയില്‍ ഞങ്ങള്‍ വിചാരിച്ചതിലും പോളിങ് കൂടിയെന്നും എല്‍ഡിഎഫും യുഡിഎഫും അവരുടെ ശക്തി കേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന പഞ്ചായത്തുകളില്‍ പോളിങ് കുറഞ്ഞെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. കണ്ണാടിയിലും മാത്തൂരും ഒന്നാം സ്ഥാനത്തോ അല്ലെങ്കില്‍ രണ്ടാം സ്ഥാനത്തോ എന്‍ഡിഎ വരുമെന്ന് സി കൃഷ്ണകുമാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
'പതിനായിരത്തില്‍ അധികം വോട്ടുകളുടെ ലീഡാണ് നഗരസഭാ പരിധിയില്‍ പ്രതീക്ഷിക്കുന്നത്. യുഡിഎഫിന് പിരായിരി പഞ്ചായത്തില്‍ ലഭിക്കുന്ന ലീഡിനെ മറികടക്കാനുള്ള ഭൂരിപക്ഷം നഗരസഭാ പരിധിയില്‍ എന്‍ഡിഎയ്ക്ക് കിട്ടും. കഴിഞ്ഞ തവണ മൂന്ന് പഞ്ചായത്തുകളിലും മൂന്നാം സ്ഥാനമായിരുന്നു എന്‍ഡിഎയ്ക്ക്. ഇത്തവണ പിരായിരി പഞ്ചായത്തില്‍ രണ്ടാംസ്ഥാനത്തേക്ക് വരും. മറ്റുരണ്ട് പഞ്ചായത്തുകളില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഒപ്പമോ അല്ലെങ്കില്‍ ഇരുമുന്നണികളെയും മറികടന്ന് മുന്നോട്ടുപോകാനുമാകും', കൃഷ്ണകുമാര്‍ അവകാശപ്പെട്ടു.
പതിനായിരത്തിലധികം വോട്ടുകള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുമെന്ന പ്രതിപക്ഷനേതാവ് വിഡി സതീശന്റെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷം രാഹുലിന് കിട്ടുമോ എന്നായിരുന്നു മറുപടി. സന്ദീപ് വാര്യരുടെ യുഡിഎഫ് പ്രവേശം ബിജെപിക്ക് ഗുണംചെയ്‌തെന്നും യുഡിഎഫിന് തിരിച്ചടിയായെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 2012ല്‍ മോദിയുടെ ഫ്‌ലക്‌സ് ബോര്‍ഡ് കീറിയതിന്റെ പേരില്‍ കലാപമുണ്ടാക്കി സന്ദീപ് ഒളിവില്‍ പോയി താമസിച്ച സമയത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കളേയും ആ പ്രദേശത്തെ പ്രവര്‍ത്തകരേയും ആശ്വസിപ്പിക്കാന്‍ താനേ ഉണ്ടായിരുന്നുള്ളൂവെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ചിട്ടയായ പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പ് കാലത്തുടനീളം പാര്‍ട്ടി കാഴ്ചവെച്ചത് എന്നും കൃഷ്ണകുമാര്‍ പറഞ്ഞു. സന്ദീപ് വാര്യരുടെ കൊഴിഞ്ഞുപോക്ക് ഒരുതരത്തിലും പാര്‍ട്ടിയെ ബാധിക്കില്ല. അതീ പ്രസ്ഥാനത്തിന്റെ ഗുണമാണ്. സന്ദീപിന്റെ പഴയ പല വാട്‌സ്ആപ്പ് ചാറ്റുകളും പ്രവര്‍ത്തകര്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. താന്‍ ആരാണെന്ന് സാധാരണ പ്രവര്‍ത്തകര്‍ക്കറിയാം. സന്ദീപിന് ആരെയും സ്വാധീനിക്കാനുള്ള ശേഷിയില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.