ബ്രിട്ടീഷ് ദ്വീപുകളിലേക്ക് വമ്പന്‍ കാറ്റുമായി ഇയോവിന്‍ കൊടുങ്കാറ്റ് രംഗപ്രവേശനം ചെയ്തു. ജീവന്‍ അപകടത്തിലാക്കുന്ന ഗുരുതരമായ ഭീഷണിയാണ് കൊടുങ്കാറ്റ് ഉയര്‍ത്തുന്നത്. ഇതോടെ റെഡ് അലേര്‍ട്ട് പുറപ്പെടുവിക്കാന്‍ മെറ്റ് ഓഫീസ് തയ്യാറായി.
പുലര്‍ച്ചെ 2 മണിയോടെ അയര്‍ലണ്ടിന്റെ വെസ്റ്റ് ഭാഗത്തുള്ള കൗണ്ടി ഗാല്‍വേയില്‍ കൊടുങ്കാറ്റിന്റെ ആദ്യ ആഘാതം ഏറ്റുവാങ്ങുന്നതായി വിന്‍ഡ് ട്രാക്കറുകള്‍ വ്യക്തമാക്കുന്നു. 80 മൈല്‍ വേഗത്തിലാണ് ഇവിടെ കാറ്റ് വീശുന്നത്. സില്ലി ദ്വീപിലെ സെന്റ് മേരീസില്‍ 75 മൈല്‍ വേഗത്തിലാണ് കാറ്റ്.
അതേസമയം മുന്നറിയിപ്പ് നല്‍കിയിട്ടുള്ള മറ്റ് മേഖലകളില്‍ കാറ്റിന്റെ വേഗത 80 മുതല്‍ 90 മൈല്‍ വരെ നീളുമെന്നാണ് മുന്നറിയിപ്പ്. കൊടുങ്കാറ്റിന്റെ സഞ്ചാരപാതയിലുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. അടുത്ത വര്‍ഷങ്ങള്‍ക്കിടെ യുകെ കണ്ട ഏറ്റവും ശക്തമായ കാലാവസ്ഥാ സിസ്റ്റങ്ങളില്‍ ഒന്നാണ് ഇതെന്നാണ് പ്രവചനം.
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 വരെയാണ് മെറ്റ് ഓഫീസ് അപൂര്‍വ്വമായ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. വെസ്റ്റേണ്‍, സെന്‍ഡ്രല്‍ സ്‌കോട്ട്‌ലണ്ട് മേഖലകളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയും മുന്നറിയിപ്പ് നിലവിലുണ്ടാകും.
നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ടിന്റെ സതേണ്‍ പകുതി, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 6 മുതല്‍ രാത്രി 9 വരെയും, സ്‌കോട്ട്‌ലണ്ടിന്റെ നോര്‍ത്തേണ്‍ ഭാഗങ്ങളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ ശനിയാഴ്ച രാവിലെ 6 വരെ ആംബര്‍ കാറ്റ് മുന്നറിയിപ്പാണുള്ളത്. ഈ പ്രദേശങ്ങളില്‍ കാറ്റ് 70 മൈല്‍ വരെ വേഗത കൈവരിക്കാമെന്നാണ് മുന്നറിയിപ്പ്.
യുകെയിലെ ഭൂരിഭാഗം മേഖലകള്‍ക്കും വെള്ളിയാഴ്ച കാറ്റിനുള്ള മഞ്ഞ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. സ്‌കോട്ട്‌ലണ്ടില്‍ രാവിലെ 6 മുതല്‍ അര്‍ദ്ധരാത്രി വരെ മഞ്ഞിനുള്ള മഞ്ഞ ജാഗ്രതയും, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും, വെയില്‍സിലും രാവിലെ 9 വരെ മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച യാത്രകള്‍ക്ക് ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പുറമെ സ്‌കൂളുകളും അടച്ചിട്ടുണ്ട്. 100 മൈല്‍ വരെ വേഗത കൈവരിച്ചാല്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ ജീവന്‍ അപകടത്തിലാകാനുള്ള സാധ്യതയേറും.