ദയാവധം നടപ്പാക്കുന്ന ബില്ലില്‍ അനവധി പഴുതുകള്‍ ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും ഇത് പാസാകാനുള്ള സാധ്യത ഒരുങ്ങുന്നു. വെള്ളിയാഴ്ചയാണ് അസിസ്റ്റഡ് ഡൈയിംഗ് ബില്ലില്‍ എംപിമാര്‍ വോട്ട് ചെയ്യുന്നത്. മതവിശ്വാസങ്ങള്‍ അടിസ്ഥാനമാക്കിയും, ബില്ലിലെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചും വിവിധ വിഭാഗങ്ങള്‍ ബില്ലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
എന്നാല്‍ ബില്ലിന്റെ പേരില്‍ ലേബര്‍ നേതാക്കള്‍ പരസ്പരം ചെളിവാരി എറിയുന്ന സ്ഥിതിയും രൂപപ്പെട്ടിരിക്കുകയാണ്. താന്‍ ബില്ലിനെ എതിര്‍ക്കുന്നതായി അറിയിച്ച് നിലപാടെടുത്ത ജസ്റ്റിസ് സെക്രട്ടറി ഷബാന മെഹ്മൂദ് തന്റെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ സെക്രട്ടറിയുടെ മതവിശ്വാസം മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നാണ് ലോര്‍ഡ് ഫാള്‍ക്കണര്‍ കുറ്റപ്പെടുത്തിയത്.
ഇപ്പോള്‍ ഫാള്‍ക്കണറുടെ പ്രസ്താവനയ്‌ക്കെതിരെ ക്രിസ്ത്യന്‍ എംപി റേച്ചല്‍ മാസ്‌കെല്ലാണ് രംഗത്ത് വന്നിരിക്കുന്നത്. ഫാള്‍ക്കണര്‍ പ്രസ്താവനയില്‍ ഖേദം അറിയിക്കണമെന്നാണ് മാസ്‌കെല്‍ ആവശ്യപ്പെടുന്നത്. വെള്ളിയാഴ്ച വോട്ട് ചെയ്യുന്ന എംപിമാര്‍ ബില്ലിനെ എതിര്‍ക്കണമെന്നാണ് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നത്. ബില്ലിലെ വ്യവസ്ഥകള്‍ സുരക്ഷിതമല്ലെന്നാണ് വാദം.
എന്നാല്‍ ബില്ലിന്റെ വിജയം ഫോട്ടോഫിനിഷിലാകും തീരുമാനിക്കപ്പെടുകയെന്നാണ് സൂചന. അതേസമയം മൂന്നില്‍ രണ്ട് വോട്ടര്‍മാരും ആശയത്തെ പിന്തുണയ്ക്കുന്നതായി മോര്‍ ഇന്‍ കോമണ്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കി. പ്രധാനമായും എതിര്‍ക്കുന്ന ഏഴ് പാര്‍ലമെന്ററി മണ്ഡലങ്ങളില്‍ മതപരമായ ആശയങ്ങള്‍ അധികമുള്ളവരാണ്, മുസ്ലീങ്ങളാണ് ഇവരില്‍ മുന്നില്‍.