ഇന്ത്യന്‍ വംശജ ഹര്‍ഷിത ബ്രെല്ലയെ ഭര്‍ത്താവ് കൊലപ്പെടുത്തി നാടുവിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാറിന്റെ ബൂട്ടില്‍ ഹര്‍ഷിതയുടെ മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് മാസം മുന്‍പ് ഭര്‍ത്താവിനെ ഗാര്‍ഹിക പീഡനത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്നാണ് പോലീസ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
24-കാരി ഹര്‍ഷിതയും, ഭര്‍ത്താവ് 23-കാരന്‍ പങ്കജ് ലാംബയും തമ്മിലെ പ്രശ്‌നത്തില്‍ ഇടപെട്ട ഓഫീസര്‍മാരുടെ നടപടികള്‍ സംബന്ധിച്ച് അന്വേഷിക്കുമെന്ന് ഇന്‍ഡിപെന്റന്‍ഡ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്ട് വ്യക്തമാക്കി.
നവംബര്‍ 14ന് പുലര്‍ച്ചെയാണ് ഈസ്റ്റ് ലണ്ടന്‍ ഇല്‍ഫോര്‍ഡില്‍ പാര്‍ക്ക് ചെയ്ത ഒരു കാറിന്റെ പിന്നില്‍ നിന്നും ഹര്‍ഷിതയുടെ മൃതദേഹം കണ്ടെടുക്കുന്നത്. യുവതിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
നവംബര്‍ 10ന് കൊല്ലപ്പെട്ട ശേഷം ഇവരുടെ മൃതദേഹം നോര്‍ത്താംപ്ടണ്‍ഷയറിലെ വീട്ടില്‍ നിന്നും ലണ്ടനില്‍ ഉപേക്ഷിച്ചതാണെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ ഇതിന് ശേഷം ലാംബ രാജ്യംവിട്ടു. ഇയാളെ പിടികൂടാനായി അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഇതിനിടെയാണ് കൊലയ്ക്ക് മുന്‍പ് സെപ്റ്റംബര്‍ 3ന് ലാംബയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതായി പോലീസ് നിരീക്ഷകര്‍ സ്ഥിരീകരിക്കുന്നത്. പോലീസ് ഹര്‍ഷിതയെ സംരക്ഷിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് നേരത്തെ ഇവരുടെ സഹോദരി ആരോപിച്ചിരുന്നു.