ലേബര്‍ ഗവണ്‍മെന്റ് രൂപീകരണം നടന്ന് മാസങ്ങള്‍ തികയുന്നതിന് മുന്‍പ് ആദ്യത്തെ രാജി. ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ലൂസി ഹെയ്ഗാണ് ഒരു ദശകം മുന്‍പ് തട്ടിപ്പ് കേസില്‍ കുറ്റം സമ്മതിച്ചെന്ന് വെളിപ്പെട്ടതോടെ രാജിവെച്ചത്. ജസ്റ്റിസ് മന്ത്രി ഹെയ്ദി അലക്‌സാന്‍ഡറെ ഡൗണിംഗ് സ്ട്രീറ്റ് പകരം മന്ത്രിയാക്കി.
2013-ല്‍ ജോലി സ്ഥലത്തെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചതോടെ നഷ്ടമായെന്ന് ഹെയ്ഗ് പോലീസിനോട് പറയുകയും, എന്നാല്‍ ഇത് നഷ്ടമായിട്ടില്ലെന്ന് പിന്നീട് കണ്ടെത്തുകയുമായിരുന്നു. മജിസ്‌ട്രേറ്റുമാര്‍ കണ്ടീഷണല്‍ ഡിസ്ചാര്‍ജ്ജ് നല്‍കിയാണ് വിട്ടയച്ചത്. കീര്‍ സ്റ്റാര്‍മര്‍ ഗവണ്‍മെന്റിലെ ആദ്യ രാജിയാണ് ഹെയ്ഗിന്റേത്. 37-ാം വയസ്സില്‍ ക്യാബിനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയായി സ്ഥാനം നേടിയ ശേഷമാണ് ഈ രാജി.
മാധ്യമ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ശ്രദ്ധ തിരിയുന്നത് ഒഴിവാക്കാനാണ് രാജിവെയ്ക്കുന്നതെന്നാണ് ലൂസി ഹെയ്ഗ് വ്യക്തമാക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ വിശ്വാസം നഷ്ടമാകുകയും, കടിച്ചുതൂങ്ങിയാല്‍ അന്വേഷണം നേരിടേണ്ടി വരികയും ചെയ്യുമെന്ന മുന്നറിയിപ്പും ലഭിച്ചതോടെയാണ് ഇവര്‍ രാജിവെച്ചതെന്നാണ് ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്.
അതേസമയം നാല് വര്‍ഷം മുന്‍പ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ക്രിമിനല്‍ നടപടി നേരിട്ടതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് വ്യക്തമായതോടെ ഗുരുതരമായ ചോദ്യങ്ങളാണ് ഉയരുന്നത്. ഈ വിവരം പുതിയതാണെന്ന് നം. 10 അവകാശപ്പെടുന്നുണ്ടെങ്കിലും 2020-ല്‍ പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ സ്റ്റാര്‍മറുടെ ഉന്നത ടീമിന്റെ ഭാഗമാകുന്ന സമയത്ത് ലൂസി ഹെയ്ഗ് വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നുവെന്ന് ഇവരുടെ സഹായികള്‍ വ്യക്തമാക്കുന്നു.