ആലപ്പുഴ കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലിരിക്കെ മരിച്ച ആല്‍വിന്‍ ജോര്‍ജിന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടം ഇന്ന് നടത്തും. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി ഇന്ന് പുലര്‍ച്ചയോടെയാണ് മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. നടപടികള്‍ക്ക് ശേഷം പത്ത് മണിക്ക് ആല്‍വിന്‍ പഠിച്ചിരുന്ന മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തിങ്കളാഴ്ച ശവസംസ്‌കാരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഗുരുതരമായി പരിക്കേറ്റ ആല്‍വിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. എന്നാല്‍ ചികിത്സയിലിരിക്കെ ആല്‍വിന്‍ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ നേരത്തെ മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ദാരുണമായ വാഹനാപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മൂന്ന് പേരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്തു. ബാക്കിയുള്ളവരെ ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ എത്തി വണ്ടി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാറില്‍ 11 പേരുണ്ടായിരുന്നു.