വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബ്രിട്ടീഷ് തീരമണഞ്ഞ് ഡരാഗ് കൊടുങ്കാറ്റ്. അയര്‍ലണ്ടില്‍ പ്രവേശിച്ച കൊടുങ്കാറ്റിന്റെ തീവ്രത വ്യക്തമാക്കി കൗണ്ടി മയോയില്‍ നിന്നുള്ള കനത്ത കാറ്റിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അര്‍ദ്ധരാത്രിയോടെ യുകെയില്‍ ഡരാഗ് കൊടുങ്കാറ്റ് സമ്പൂര്‍ണ്ണ ശക്തി കൈവരിച്ചു. വെയില്‍സ് അബെറിസ്റ്റ്വിത്തിലെ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ തേടിയെത്തിയതിന് പുറമെ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ശക്തമായ കാറ്റും വീശുന്നുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ ജീവന്‍ അപകടത്തിലാക്കുന്ന റെഡ് വിന്‍ഡ് മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചത്. പുലര്‍ച്ചെ 3 മുതല്‍ രാവിലെ 11 വരെ കാര്‍ഡിഫ്, സ്വാന്‍ഡി, ബ്രിസ്റ്റോളിലെ ചില ഭാഗങ്ങള്‍, നോര്‍ത്ത് സോമര്‍സെറ്റ് ഉള്‍പ്പെടെ തീരമേഖലകളില്‍ സുപ്രധാനമായ തോതില്‍ കൊടുങ്കാറ്റിന്റെ പ്രഭാവം അനുഭവപ്പെടും.
കാറ്റിനുള്ള റെഡ് അലേര്‍ട്ട് ലഭിച്ച മേഖലകളില്‍ അവശിഷ്ടങ്ങള്‍ പറക്കുന്നതും, മരങ്ങള്‍ മറിയുന്നതും, ഉയര്‍ന്ന തിരമാലകളും അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുകയെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. തീരദേശ റോഡുകളിലും, കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന വീടുകളും അപകടത്തിന്റെ മുന്നണിയിലാണ്.
വൈദ്യുതി, മൊബൈല്‍ സേവനങ്ങള്‍ തകരാറിലാകാനും, കെട്ടിടങ്ങള്‍ക്കും, വീടുകള്‍ക്കും കേട് വരുത്താനും കനത്ത കാറ്റ് കാരണമായേക്കാം. ബസ്, ട്രെയിന്‍, ഫെറി സേവനങ്ങള്‍ക്ക് പുറമെ വിമാനയാത്രകളെയും ഇത് സാരമായി ബാധിക്കും. പുലര്‍ച്ചെ 1 മുതല്‍ രാത്രി 9 വരെ സൗത്ത് വെസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ നാഷണല്‍ ഹൈവേസ് ആംബര്‍ കാലാവസ്ഥാ അലേര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഗ്ലോസ്റ്റര്‍ഷയറില്‍ എം48 സേവേണ്‍ ബ്രിഡ്ജ് ഡരാഗ് കൊടുങ്കാറ്റിനെ തുടര്‍ന്ന് ജെ1 (ഓസ്റ്റ്), ജെ2 (ചെപ്‌സ്റ്റോ) എന്നിവിടങ്ങളില്‍ ഇരുഭാഗത്തേക്കും അടച്ചതിനാല്‍ എം4ലെ പ്രിന്‍സ് ഓഫ് വെയില്‍സ് ബ്രിഡ്ജ് പകരം റൂട്ടായി ഉപയോഗിക്കാനാണ് നിര്‍ദ്ദേശം.