യുകെ ഗവണ്‍മെന്റിന്റെ ദീര്‍ഘകാല കടമെടുപ്പ് ചെലവുകള്‍ 1998ന് ശേഷമുള്ള ഏറ്റവും ഉയരത്തില്‍ എത്തിയതോടെ ഞെട്ടി ചാന്‍സലര്‍. 30 വര്‍ഷത്തെ ഗില്‍റ്റുകളിലുള്ള പലിശ നിരക്ക് 5.22 ശതമാനത്തിലേക്കാണ് വര്‍ദ്ധിച്ചത്. ഇതോടെ ചാന്‍സലറുടെ ചെലവഴിക്കല്‍ പദ്ധതികള്‍ കൂടുതല്‍ സമ്മര്‍ദത്തിലായി. നികുതി വേട്ട നടത്തിയ ബജറ്റിന് ശേഷവും ചെലവാക്കാനുള്ള പണം കുറവായി ഇരിക്കവെയാണ് ഈ ആഘാതം.
ഓട്ടം ധനകാര്യ പാക്കേജിലാണ് പൊതുചെലവുകള്‍ കൂട്ടാനായി കടമെടുപ്പ് വര്‍ദ്ധിപ്പിക്കുമെന്നും, നിക്ഷേപം ഉത്തേജിപ്പിക്കാന്‍ കടമെടുപ്പ് നിയമങ്ങളില്‍ മാറ്റം വരുത്തുമെന്നും റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ചത്. എന്നാല്‍ ബജറ്റിന് ശേഷം യുകെ ബിസിനസ്സുകള്‍ വിലക്കയറ്റ മുന്നറിയിപ്പാണ് നല്‍കിയത്. കൂടാതെ അധിക ഭാരം മൂലം ജോലികള്‍ വെട്ടിക്കുറയ്ക്കാനും ഇവര്‍ നിര്‍ബന്ധിതരായി.
വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥയില്‍ കൂടുതല്‍ നികുതികള്‍ക്കായി റീവ്‌സ് തിരിച്ചെത്തുമെന്നാണ് ചില ഇക്കണോമിസ്റ്റുകള്‍ വിശ്വസിക്കുന്നത്. പൊതുമേഖലയില്‍ ധനനിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാന്‍ ഇതിന് നിര്‍ബന്ധിതമാകുമെന്നാണ് മുന്നറിയിപ്പ്. വളര്‍ച്ച മുരടിക്കുന്നതും, പണപ്പെരുപ്പം ഉയരുന്നതും ചേര്‍ന്ന് സമ്പദ് വ്യവസ്ഥ സ്തംഭിക്കുന്ന നിലയിലേക്ക് നീങ്ങുന്നത് ആശങ്കയ്ക്ക് കാരണമാകുകയാണ്.
കൂടാതെ മുന്‍പ് പ്രതീക്ഷിച്ചതിന് വിപരീതമായി പലിശ നിരക്കുകള്‍ താഴാന്‍ സമയമെടുക്കുമെന്നാണ് പ്രവചനം. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വരവോടെ താരിഫുകള്‍ ഏര്‍പ്പെടുത്തുകയും, പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുമെന്നാണ് ആശങ്കയുള്ളത്.