ശൈത്യകാല ദുരിതം നേരിടുന്ന ബ്രിട്ടനില്‍ ഇനി മൂടല്‍മഞ്ഞിന്റെ ഭീഷണി. രാജ്യത്തിന്റെ പല ഭാഗത്തും ഹിമപാതത്തിന് തുല്യമായ സാഹചര്യവും, മഞ്ഞ് വീഴ്ചയും തുടരുന്നതിനിടെയാണ് ഈ അവസ്ഥ. മഞ്ഞും, ആലിപ്പഴ വര്‍ഷവും ഇന്നലെ രാത്രിയോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും തണുത്ത് മരവിപ്പിക്കുന്ന മൂടല്‍മഞ്ഞും, ഐസ് രൂപപ്പെടുന്നതും തുടരുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.
യുകെയുടെ വിവിധ ഭാഗങ്ങള്‍ക്കായി ആറ് വ്യത്യസ്ത മഞ്ഞ കാലാവസ്ഥാ ജാഗ്രതയാണ് പ്രവചിച്ചിരിക്കുന്നത്. യാത്രാ ദുരിതം യാത്രക്കാരെ ഇപ്പോഴും ബാധിക്കുകയാണ്. വെയില്‍സിലെ ഭൂരിഭാഗം മേഖലകളും, സതേണ്‍ ഇംഗ്ലണ്ടില്‍ ലണ്ടന്‍ മുതല്‍ ബ്രൈറ്റണിലും, കോണ്‍വാളിലും വരെ അര്‍ദ്ധരാത്രിയോടെ ഐസ് ബ്ലാസ്റ്റ് രൂപപ്പെടുമെന്നാണ് പ്രവചനം.
സ്‌കോട്ട്‌ലണ്ടില്‍ അര്‍ദ്ധരാത്രി വരെയെങ്കിലും മഞ്ഞ് വീഴുമെന്നാണ് കരുതുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലും രാവിലെ 11 വരെ ഈ സാഹചര്യം നിലനില്‍ക്കും. ഈ മേഖലകളില്‍ മൂടല്‍മഞ്ഞിനുള്ള മഞ്ഞ ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ ഇവിടങ്ങളില്‍ പൊതുഗതാഗതം രൂക്ഷമായ തടസ്സം നേരിടാനും, വിമാനങ്ങള്‍ വൈകാനും, റദ്ദാക്കാനുമുള്ള സാധ്യതകളുമാണ് ഒരുങ്ങുന്നത്.
അതേസമയം തണുത്തുറഞ്ഞ കാലാവസ്ഥയില്‍ നിന്നും മെച്ചപ്പെട്ട ദിവസങ്ങളിലേക്ക് പതിയെ നീങ്ങാന്‍ കഴിയുമെന്ന ശുഭസൂചനയും ഇപ്പോള്‍ ലഭ്യമാകുന്നുണ്ട്. വരുന്ന വീക്കെന്‍ഡില്‍ ചെറിയ തോതിലെങ്കിലും വെയില്‍ ലഭ്യമാകുകയും, മെച്ചപ്പെട്ട അവസ്ഥയും വരുമെന്നാണ് പ്രവചനം. ഇന്നും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ മഞ്ഞിനുള്ള ആംബര്‍ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. -12 സെല്‍ഷ്യസ് വരെ താപനില താഴുമെന്നാണ് മുന്നറിയിപ്പ്.