ശതകോടീശ്വരന്‍ എലണ്‍ മസ്‌കിന് രാഷ്ട്രീയത്തില്‍ എന്ത് കാര്യമെന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. കാരണം, ലോക പോലീസായ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന് പിന്നില്‍ നിന്ന് പണമൊഴുക്കി അദ്ദേഹത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കുന്നതില്‍ അദ്ദേഹം വിജയിച്ച് കഴിഞ്ഞു. ഇനി അടുത്ത ഊഴം ബ്രിട്ടന് ഉള്ളതാണെന്നാണ് അഭ്യൂഹങ്ങള്‍. ഇത് ശരിവെയ്ക്കുന്ന തരത്തില്‍ ട്വീറ്റുകള്‍ പുറപ്പെടുവിക്കാന്‍ മസ്‌ക് മടിക്കുന്നുമില്ല.
പാശ്ചാത്യ സംസ്‌കാരം ഭീഷണി നേരിടുകയാണെന്ന് ഭയപ്പെടുന്ന ടെസ്ല ഉടമ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ താഴെയിറക്കാന്‍ സ്വകാര്യ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് ശതകോടീശ്വരനുമായി അടുപ്പമുള്ള ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി ലേബര്‍ ഗവണ്‍മെന്റിനെ എങ്ങനെ അസ്ഥിരപ്പെടുത്താമെന്ന് ടെക് ശതകോടീശ്വരന്‍ അടുപ്പക്കാരുമായി ചര്‍ച്ച തുടങ്ങിയെന്നാണ് വിവരം.
ഇതിന്റെ ഭാഗമായി പകരം ബ്രിട്ടീഷ് രാഷ്ട്രീയ നീക്കങ്ങള്‍ എങ്ങനെ ത്വരിതപ്പെടുത്താമെന്നും, ഗവണ്‍മെന്റിനെ മാറ്റങ്ങള്‍ക്ക് നിര്‍ബന്ധിക്കാമെന്നും മസ്‌ക് വിവരങ്ങള്‍ തേടിയതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലേബര്‍ ഗവണ്‍മെന്റിനും, പ്രധാനമന്ത്രി സ്റ്റാര്‍മര്‍ക്കും എതിരായി മസ്‌ക് പരസ്യമായി അക്രമണം നടത്തുന്നുണ്ട്. ബ്രിട്ടനിലെ ബലാത്സംഗ സംസ്‌കാരത്തിന് എതിരെ സ്റ്റാര്‍മര്‍ കണ്ണടച്ചുവെന്നാണ് പ്രധാന ആരോപണം.
എന്നാല്‍ മസ്‌ക് നുണയും, തെറ്റായ വിവരങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്ന് കീര്‍ സ്റ്റാര്‍മര്‍ തിരിച്ചടിച്ചിരുന്നു. എക്‌സില്‍ മസ്‌ക് ഗവണ്‍മെന്റ് വിരുദ്ധമായി പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ ഇപ്പോള്‍ തീവ്രവാദ വിരുദ്ധ ഓഫീസര്‍മാര്‍ പരിശോധിക്കുകയാണ്. ബ്രിട്ടന് ഈ ട്വീറ്റുകള്‍ വരുത്തുന്ന അപകടം പരിശോധിക്കാന്‍ ഹോം ഓഫീസ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നതായി മിറര്‍ പറഞ്ഞു. ചെറിയ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനും, ചൂഷണത്തിനും വിനിയോഗിച്ച പാകിസ്ഥാനി വംശജര്‍ക്കെതിരായ അന്വേഷണം ആവശ്യമില്ലെന്ന് ലേബര്‍ തീരുമാനിച്ചിരുന്നു.
പണവും, മദ്യവും, മയക്കുമരുന്നും കൊടുത്ത് പ്രധാനമായും വെള്ളക്കാരായ പെണ്‍കുട്ടികളെ ചൂഷണം ചെയ്ത സംഘങ്ങളെ ഏഷ്യന്‍ വംശജരെന്ന് വിശേഷിപ്പിച്ച് വെള്ളം ചേര്‍ക്കുന്ന സ്റ്റാര്‍മറുടെ നടപടിയെയും മസ്‌ക് ചോദ്യം ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്‍ ഇവര്‍ പാകിസ്ഥാനികളാണെന്ന് ചൂണ്ടിക്കാണിക്കാന്‍ പോലും സ്റ്റാര്‍മര്‍ ഭയപ്പെടുന്നുവെന്നാണ് ആരോപണം.