ഉറക്കം കഴിഞ്ഞ് ബ്രിട്ടന്‍ എഴുന്നേല്‍ക്കുന്നത് തണുത്തുറഞ്ഞ അന്തരീക്ഷത്തിലേക്ക്. പൂജ്യത്തിന് താഴേക്ക് താപനില പോയതിന് ശേഷം രാജ്യത്തിന്റെ പല ഭാഗത്തും ഐസ് നിറഞ്ഞ സാഹചര്യമാണ്. വിന്ററില്‍ ഇതുവരെയുള്ള ഏറ്റവും തണുപ്പേറിയ രാത്രിയാണ് കടന്നുപോയത്.
താപനില -20 സെല്‍ഷ്യസ് വരെ താഴുമെന്നായിരുന്നു പ്രതീക്ഷ. ജനുവരിയിലെ ഏറ്റവും തണുപ്പേറിയ ദിനത്തിനായി ജനങ്ങള്‍ ഒരുങ്ങി ഇരിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇന്ന് രാവിലെ രാജ്യത്ത് ഉടനീളം വ്യാപകമായ തോതില്‍ മൂടല്‍മഞ്ഞ് പുതക്കും. ഇതിന് പുറമെ മഞ്ഞും, ഐസും രാജ്യത്ത് തുടരുകയും ചെയ്യും.
റോഡുകളില്‍ ഐസ് വ്യാപകമായതോടെ ഗ്രിറ്ററുകള്‍ ഇന്നലെ പൂര്‍ണ്ണമായി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. യാത്രക്കാര്‍ക്ക് യാത്രാ ദുരിതം നേരിടേണ്ടി വന്നു. -16 സെല്‍ഷ്യസ് താപനിലയുള്ള സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സില്‍ യാത്ര ചെയ്യുന്നവര്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നാണ് സ്‌കോട്ട് റെയില്‍ മുന്നറിയിപ്പ്.
ഇതിനിടെ ചൂടേറിയ കാറ്റ് സൗത്ത് വെസ്റ്റ് മേഖലയിലേക്ക് ഇന്ന് മുതല്‍ വീശിത്തുടങ്ങുമെന്ന വാര്‍ത്ത ആശ്വാസം നല്‍കുന്നു. എന്നിരുന്നാലും ഈ പ്രതിഭാസം താല്‍ക്കാലികം മാത്രമായിരിക്കുമെന്നാണ് മെറ്റ് ഓഫീസ് പ്രവചനം. ഇതിനിടെ സൗത്ത് വെസ്റ്റ് ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിലായി മഴയും, ആലിപ്പഴവര്‍ഷവും, മഞ്ഞും പെയ്യുമെന്നും സൂചനയില്‍ പറയുന്നു. ഇത് ഉയര്‍ന്ന പ്രദേശങ്ങളിലാണ് സജീവമാകുക. ഐസ് പ്രതലങ്ങള്‍ രൂപപ്പെടാനുള്ള സാധ്യത നിലവിലുണ്ട്.
യുകെയുടെ മറ്റ് ഭാഗങ്ങളില്‍ താരതമ്യേന വെളിച്ചമുള്ള വരണ്ട കാലാവസ്ഥയാകും. മെറ്റ് ഓഫീസ് അഞ്ച് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതിനാല്‍ മഞ്ഞുവീഴ്ച വിമാനങ്ങള്‍ റദ്ദാക്കാനും, റെയില്‍വെ ലൈനുകള്‍ അടയ്ക്കാനും നിര്‍ബന്ധിതമായിരുന്നു.