ബ്രിട്ടന്റെ പ്രോപ്പര്‍ട്ടി ഹോട്ട്‌സ്‌പോട്ടായി സണ്‍ബറി-ഓണ്‍-തെയിംസ്. ഗ്രേറ്റ് ബ്രിട്ടനില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വില ചോദിച്ച പട്ടണമായാണ് ഇവിടം മാറിയതെന്ന് റൈറ്റ്മൂവ് വ്യക്തമാക്കുന്നു. ശരാശരി 12.5 ശതമാനം വില വര്‍ദ്ധിച്ച് 527,005 പൗണ്ടില്‍ നിന്നും 592,976 പൗണ്ടിലേക്കാണ് വില ഉയര്‍ന്നത്.
ലണ്ടന്‍ വാട്ടര്‍ലൂ സ്റ്റേഷനിലേക്ക് ഒരു മണിക്കൂറില്‍ താഴെ യാത്ര മതിയെന്നതും, അടുത്തിടെ ലോകത്തിലെ രണ്ടാമത്തെ വലിയ ഫിലിം സ്റ്റുഡിയോയായി വികസിപ്പിച്ച ഷെപ്പേര്‍ടണ്‍ സ്റ്റുഡിയോസിന് അടുത്താണെന്നതുമാണ് പട്ടണത്തെ ജനപ്രിയമാക്കുന്നത്.
റൈറ്റ്മൂവിന്റെ പട്ടികയില്‍ രണ്ടാമത് ബ്രിസ്റ്റോള്‍ സിറ്റി സെന്ററും, ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ സ്വിന്റണുമാണ്. ഇവിടെ ചോദിക്കുന്ന വിലയില്‍ 9% വളര്‍ച്ച രേഖപ്പെടുത്തി. ബ്രിസ്റ്റോളില്‍ ശരാശരി വില 391,042 പൗണ്ടിലേക്കും, സ്വിന്റണില്‍ 261,081 പൗണ്ടിലേക്കുമാണ് വില ഉയര്‍ന്നത്.
ഗ്രേറ്റ് ബ്രിട്ടനിലെ കണക്കുകള്‍ പ്രകാരം ശരാശരി ചോദിക്കുന്ന വിലയില്‍ കേവലം 1.4% വര്‍ദ്ധനവാണ് ഉണ്ടായതെന്ന് റൈറ്റ്മൂവ് പറയുന്നു. ലണ്ടനില്‍ ഇത് 0.8% താഴ്ന്നു. എന്നാല്‍ ബ്രിട്ടീഷ് ഭവനവിപണി ശക്തമായി വളരുന്നുവെന്നാണ് മറ്റ് സൂചികകള്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ വരെ 12 മാസങ്ങളില്‍ യുകെ വിലകള്‍ 4.7% വര്‍ദ്ധിച്ചെന്ന് നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി വ്യക്തമാക്കി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക് പ്രകാരം നവംബറില്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 3.3 ശതമാനത്തിലാണ്.